പുറം തിരിഞ്ഞ് മലപ്പുറം; മലപ്പുറമില്ലാതെ കേരളാ ബാങ്ക് രൂപീകരിക്കാന്‍ സര്‍ക്കാര്‍

single-img
18 July 2019

കേരളത്തിലെ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് എന്ന പുതിയ സംവിധാനം രൂപീകരിക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. കേരളാ ബാങ്കിനായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയം രണ്ടാം തവണയും വോട്ടെടുപ്പില്‍ തള്ളി.

വീണ്ടും പ്രമേയം പരാജയപ്പെട്ടാൽ മലപ്പുറത്തെ ഒഴിവാക്കി കേരള ബാങ്കിന് അനുമതി തേടി റിസർവ് ബാങ്കിനെ സമീപിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. അവസാന ശ്രമം എന്ന നിലയിൽ കേരള ബാങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താനുനായാണ് സഹകരണ വകുപ്പ് മുൻകൈയെടുത്ത് രണ്ടാമതും ജനറൽ ബോഡി യോഗം വിളിച്ചത്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടറുടെ നിരീക്ഷണത്തിലായിരുന്നു പൊതുയോഗം. യോഗത്തിൽ അവതരിപ്പിച്ച ലയനപ്രമേയത്തെ കൂടുതൽ അംഗങ്ങളുള്ള യുഡിഎഫ് എതിർത്തു. വോട്ടിംഗിൽ 32നെതിരെ 97വോട്ടുകൾക്ക് പ്രമേയം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം സഹകരണ മന്ത്രി വിളിച്ച യോഗത്തിലും യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. അതോടുകൂടി കേരള ബാങ്ക് രൂപീകരണത്തിനായി മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കി മറ്റ് പതിമൂന്ന് ബാങ്കുകളുടെ പിൻതുണയോടെ റിസർവ് ബാങ്കിനെ സമീപിക്കും.

സർക്കാർ നിർദ്ദേശം റിസർവ് ബാങ്ക് അംഗീകരിക്കുകയാണെങ്കിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് ജീവനക്കാരെ വച്ച് സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ടാവും. അതേസമയം പതിമൂന്ന് ബാങ്കുകളുടെ പിന്തുണയിൽ റിസർവ് ബാങ്ക് അനുമതി കിട്ടിയില്ലെങ്കിൽ സർക്കാർ ഏറെ കൊട്ടിഘോഷിച്ച കേരള ബാങ്ക് എന്ന പദ്ധതി അവസാനിക്കുകയും ചെയ്യും.