‘എനിക്കുവേണ്ടി ജോലിയും കരിയറും ത്യജിച്ച് ഉപാധികളില്ലാതെ സ്നേഹിക്കുന്ന വ്യക്തി’; പ്രണയം വെളിപ്പെടുത്തി അമല പോള്‍

single-img
18 July 2019


തന്റെ പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് നടി അമല പോള്‍. തനിക്കുവേണ്ടി സമയം ചെലവഴിക്കാനായി ജോലിയും കരിയറും ത്യജിച്ച ഒരാളുമായി താന്‍ ബന്ധത്തിലാണെന്നും, സിനിമാ മേഖലയ്ക്ക് പുറത്തുനിന്നുള്ള ആളാണെന്നും അമല പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് അമല പോള്‍ പ്രണയം വെളിപ്പെടുത്തിയത്.

‘ആര്‍ക്കും അറിയാത്ത കാര്യമാണ് ഇത്. ഞാന്‍ ഒരു ബന്ധത്തിലാണ്. ആടൈ എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആദ്യം അദ്ദേഹത്തോടാണ് പങ്കു വച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായം കേള്‍ക്കാന്‍ ആകാംക്ഷയുണ്ടായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞത് ‘ഈ കഥാപാത്രമാകാന്‍ നീ ശരിക്കും സ്വയം പ്രാപ്തയാകണം.

ഈ സിനിമ ചെയ്യുകയാണെങ്കില്‍ ശാരീരികമായും മാനസികമായും തയാറെടുക്കണം. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചാല്‍ അതുമായി മുന്നോട്ടു പോകുക,’ എന്നാണ്,’ അമല വെളിപ്പെടുത്തി. ‘ആടൈ’ മാത്രമല്ല, തന്റെ എല്ലാ സിനിമകളും അദ്ദേഹവുമായി ചര്‍ച്ച ചെയ്യാറുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാനെന്നും ഒരു റിബല്‍ ആയിരുന്നു, പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെങ്കില്‍ പോലും. യഥാര്‍ഥ സ്നേഹമാണ് എന്റെ മുറിവുണക്കാന്‍ സഹായിച്ചത്. ഞാന്‍ വിചാരിച്ചിരുന്നത് ഉപാധികളില്ലാതെ, സ്നേഹിക്കാന്‍ ലോകത്തില്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ എന്നാണ്. എന്നാല്‍ അദ്ദേഹം ആ ധാരണ മാറ്റി. എനിക്കു വേണ്ടി, എനിക്കൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടി അദ്ദേഹം സ്വന്തം ജോലിയും കരിയറും എല്ലാം ത്യജിച്ചു. അദ്ദേഹത്തിന് എന്റെ പാഷന്‍ അറിയാം. അദ്ദേഹം അതിനെ പിന്തുണച്ച് കൂടെ നിന്നു.’

‘എന്തുണ്ടെങ്കിലും എന്നെ പുകഴ്ത്തുന്ന ആളല്ല അദ്ദേഹം, എന്റെ കുറവുകളും പോരായ്മകളും ചൂണ്ടിക്കാണിക്കാറുണ്ട്. എന്റെ ചില സിനിമകള്‍ കണ്ടിട്ട് നീയെങ്ങനെ ഈ ഇന്‍ഡസ്ട്രിയില്‍ നിലനിന്നു എന്ന് ചോദിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് ഒരു മൂന്നാം കണ്ണ് തുറന്നു തന്നു. എന്നെ പുകഴ്ത്തുന്നവരാണ് എനിക്ക് ചുറ്റും ഉണ്ടായിരുന്നത്, ആരും സത്യം പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വ്യക്തി എന്നെ ശരിക്കും ഞെട്ടിച്ചു. അദ്ദേഹമാണ് എന്റെ ജീവിതത്തിലെ സത്യം. എനിക്ക് എന്നെത്തന്നെ കണ്ടെത്താന്‍ സഹായിച്ചത് അദ്ദേഹമാണ്’ അമല അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ജൂണ്‍ 21നായിരുന്നു അമല പോളും എ എല്‍ വിജയ്യും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. കഴിഞ്ഞ ജൂലൈ 11ന് ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയെ വിജയ് വിവാഹം ചെയ്തിരുന്നു. താന്‍ വീണ്ടും വിവാഹിതയാകും എന്ന് അമല പോളും വ്യക്തമാക്കിയിരുന്നു. ‘ഞാന്‍ സന്യാസിനിയായി ഹിമാലയത്തിലേക്കൊന്നും പോകാന്‍ പോവുന്നില്ല. ഞാന്‍ വീണ്ടും വിവാഹം കഴിക്കും. അതൊരു പ്രണയ വിവാഹമായിരിക്കും. അതാരാണെന്നത് സമയം വരുമ്പോള്‍ പറയും. എല്ലാവരെയും അറിയിച്ചുകൊണ്ടുളള വിവാഹമായിരിക്കുമതെന്നും ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞിരുന്നു.