അഞ്ച് മിനിറ്റ് പറക്കാനുള്ള ഇന്ധനം മാത്രം; വിസ്താര വിമാനം അടിയന്തരമായി ഇറക്കി

single-img
17 July 2019

അഞ്ച് മിനിറ്റത്തേക്കുള്ള ഇന്ധനം മാത്രം ശേഷിക്കെ മുംബൈ ഡല്‍ഹി വിസ്താര വിമാനം അടിയന്തരമായി ലക്‌നൗവിലിറക്കി. 153 യാത്രക്കാരുമായി പോയ വിമാനമാണ് ഇന്ധനമില്ലാത്തതിനെ തുടര്‍ന്ന് ലക്‌നൗവിലേക്ക് തിരിച്ചുവിട്ടത്. തിങ്കളാഴ്ച നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൈലറ്റിനെതിരെ നടപടിയെടുത്തു.

വിമാനത്തില്‍ ഇന്ധനം നന്നേ കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റുമാര്‍ ലക്‌നൗവില്‍ ഇറക്കാന്‍ അനുമതി തേടി. യാത്രാ വിമാനങ്ങളില്‍ ഒരു മണിക്കൂര്‍ പറക്കാനുള്ള ഇന്ധനം റിസര്‍വായി സൂക്ഷിക്കാറുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഇതാണ് ഉപയോഗിക്കുക. എന്നാല്‍, റിസര്‍വ് ഇന്ധനത്തിന്റെ അളവ് കുറഞ്ഞത് പൈലറ്റുമാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

നിലത്തിറക്കുമ്പോള്‍ വിമാനത്തിനുള്ളില്‍ 300 കിലോഗ്രാം ഇന്ധനം മാത്രമാണ് ഉണ്ടായിരുന്നതെന്ന് വിസ്താര അധികൃതര്‍ വ്യക്തമാക്കി. ആദ്യം ഡല്‍ഹിയിലേക്കു തിരിച്ചുപറക്കാനാണ് വിസ്താര വിമാനം കരുതിയിരുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ ലക്‌നൗവിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു.

ലക്‌നൗവില്‍ എത്തുന്നതിന് മുന്‍പുതന്നെ അവിടെയും കാലാവസ്ഥ മോശമാണെന്ന അറിയിപ്പ് ലഭിച്ചു. തുടര്‍ന്ന് കാണ്‍പൂരും അലഹബാദും പരിഗണിച്ചു. പ്രയാഗ്രാജിലേക്ക് തിരിച്ചുപറക്കാന്‍ തുടങ്ങുമ്പോഴേക്കും ലക്‌നൗവില്‍ സ്ഥിതി മെച്ചപ്പെടുകയും അവിടെ ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

മുംബൈയില്‍നിന്ന് പുറപ്പെടുമ്പോള്‍ 8500 കിലോ ഗ്രാം ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്നു അധികൃതര്‍ അറിയിച്ചു. പൈലറ്റുമാരുടെ അശ്രദ്ധയില്‍ വ്യാപക വിമര്‍ശനമുയര്‍ന്നു. കാലാവസ്ഥ മോശമാണെന്നറിഞ്ഞിട്ടും ഒരുമണിക്കൂറോളം ഡല്‍ഹി വിമാനത്താവളത്തിന് മുകളില്‍ പറന്നതാണ് ഇന്ധനം തീരാന്‍ കാരണമെന്ന് വിദഗ്ധര്‍ പറഞ്ഞു. ലക്‌നൗവില്‍ ഓട്ടോ ലാന്‍ഡ് സംവിധാനം ഉപയോഗിക്കാതിരുന്നതിനും വിമര്‍ശനം വന്നു.