മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിലേക്ക് ഇരച്ചെത്തി ശില്‍പ; അപ്രതീക്ഷിത നീക്കത്തില്‍ അന്ധാളിച്ച് പിണറായിയുടെ സുരക്ഷാ പട

single-img
17 July 2019

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് മുദ്രാവാക്യം വിളിച്ച് കെഎസ്‌യു സംസ്ഥാന നേതാവ് ശില്‍പ. പ്രതിഷേധം മുന്നില്‍ കണ്ട് സെക്രട്ടേറിയറ്റ് പരിസരത്ത് ഒരുക്കിയ സുരക്ഷാ സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ചാണ് ശില്‍പ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിരിക്കുന്ന നോര്‍ത്ത് ബ്ലോക്കിന് താഴെ എത്തി മുദ്രാവാക്യം വിളിച്ചത്. അപ്രതീക്ഷിത നീക്കത്തില്‍ അന്ധാളിച്ച് നില്‍ക്കാനെ കുറച്ച് നേരത്തേക്കെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞുള്ളു.

യൂണിവേഴ്‌സിറ്റി കോളേജിലെ അതിക്രമങ്ങളിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ കെഎസ്‌യു നടത്തുന്ന സമരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍.
സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ കെഎസ്‌യു വിദ്യാര്‍ഥികള്‍ മതില്‍ ചാടിക്കടന്ന് സെക്രട്ടേറിയറ്റ് വളപ്പില്‍ കടന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് ബ്ലോക്കിലേക്കുള്ള വാതിലിനു മുന്നില്‍ പൊലീസ് ഇവരെ തടഞ്ഞു. ആണ്‍കുട്ടികളെ പൊലീസ് നീക്കിയെങ്കിലും വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുക്കാനായില്ല. ഉള്ളില്‍ കടക്കാതിരിക്കാനായി ഗ്രില്‍സ് പൂട്ടിയതോടെ പെണ്‍കുട്ടി പുറത്തു നിന്നു മുദ്രാവാക്യം മുഴക്കി.

പെണ്‍കുട്ടിയെ മഫ്തിയിലുള്ള വനിത പൊലീസ് പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അവര്‍ നിലത്തുകിടന്ന് എതിര്‍ത്തു. കൂടുതല്‍ വനിതാ പൊലീസെത്തിയാണ് പെണ്‍കുട്ടിയെ ഇവിടെനിന്നു മാറ്റിയത്. സമരപ്പന്തലില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വിഡി സതീശനും അടക്കമുള്ള നേതാക്കളെത്തി ശ്രദ്ധ അവിടേക്ക് മാറിയപ്പോഴാണ് സമരപ്പന്തലിന് സമീപം നിന്ന ശില്‍പ്പയും സംഘവും സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിയത്.

അതേസമയം, വിഷയത്തില്‍ ഇന്നലെയും കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. കേരള സര്‍വകലാശാല വിസിയെ ഉപരോധിച്ചതിനു പിന്നാലെ പ്രവര്‍ത്തകര്‍ സര്‍വകലാശാല കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. പെണ്‍കുട്ടികള്‍ അടക്കമുള്ളവരാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്.

യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പലിനെ പുറത്താക്കുക, കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിലും കോളജ് യൂണിറ്റ് മുറിയിലും സര്‍വകലാശാല ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.

പ്രധാന ഗേറ്റില്‍ കാത്തുനിന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മറ്റൊരു ഗേറ്റിലൂടെ ഏഴു പ്രവര്‍ത്തകര്‍ ആദ്യം സര്‍വകലാശാലയ്ക്ക് ഉള്ളിലും പിന്നീടു കെട്ടിടത്തിനു മുകളിലും സ്ഥാനം പിടിച്ചത്. സെക്യൂരിറ്റി ജീവനക്കാര്‍ കാണാതെ ബിരുദ വിഭാഗത്തിനു സമീപത്തുകൂടിയാണ് മുകളില്‍ എത്തിയത്.