സര്‍ക്കാര്‍ വീഴുമോ വാഴുമോ?: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന് • ഇ വാർത്ത | evartha
Breaking News

സര്‍ക്കാര്‍ വീഴുമോ വാഴുമോ?: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്

കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ് ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പറയുക. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എ മാരുടെ ആവശ്യം. രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നാണ് സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.

രാജിയിലോ, അയോഗ്യതയിലോ നിശ്ചിത സമയത്തിനകം തീരുമാനം എടുക്കണമെന്ന് നിര്‍ദ്ദേശിക്കാൻ കോടതിക്ക് അധികാരമില്ലെന്നാണ് സ്പീക്കര്‍ നിരത്തിയ പ്രധാന വാദങ്ങളിലൊന്ന്. രാജിവെക്കുക എന്ന മൗലിക അവകാശം സംരക്ഷിക്കണം എന്ന് വിമത എംഎല്‍എമാരും ആവശ്യപ്പെട്ടു. സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കാതെ കോടതിയുടെ അധികാരപരിധിയെ സ്പീക്കര്‍ ചോദ്യം ചെയ്യുകയാണെന്ന് ഇന്നലെ കേസിൽ വാദം കേൾക്കവെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

ജൂലായ് ആറിന് എംഎല്‍എമാർ രാജിക്കത്ത് നൽകിയിട്ടും സ്പീക്കർ ഒരു നടപടിയും എടുത്തില്ല. അതുകൊണ്ടാണ് എം എൽ എമാർക്ക് കോടതിയെ സമീപിക്കേണ്ടിവന്നത്. എന്തുകൊണ്ടാണ് സ്പീക്കർ തീരുമാനം എടുക്കാതിരുന്നത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സ്വന്തം കർത്തവ്യങ്ങൾ നിർവഹിക്കാതെ കോടതിയുടെ ഭരണഘടനപരമായ പരിമിതികൾ ചൂണ്ടിക്കാണിക്കുകയാണ് സ്പീക്കർ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്നലെ കുറ്റപ്പെടുത്തി. കര്‍ണാടകത്തിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഇന്നത്തെ കോടതി തീരുമാനം ഏറെ നിര്‍ണായകമാകും.