ഇന്ത്യയില്‍ ഒന്നരക്കോടി മൊബൈലുകള്‍ ഭീഷണിയില്‍; 'ഏജന്‍റ് സ്മിത്ത്' പടരുന്നു • ഇ വാർത്ത | evartha
Science & Tech

ഇന്ത്യയില്‍ ഒന്നരക്കോടി മൊബൈലുകള്‍ ഭീഷണിയില്‍; ‘ഏജന്‍റ് സ്മിത്ത്’ പടരുന്നു

സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുതിയ മാല്‍വെയര്‍ ഭീഷണി. ഏജന്റ് സ്മിത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ഈ മാല്‍വെയര്‍ ലോകമൊട്ടാകെ 2.5 കോടി ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം. ഇതില്‍ 1.5 കോടിയും ഇന്ത്യയിലാണ്. ഇസ്രായേൽ സൈബർ സുരക്ഷാ സ്ഥാപനം ചെക്ക് പോയിന്റ് റിസർച്ചാണ് ഇങ്ങനെ ഒരു വിവരം പുറത്തുവിട്ടത്.

ഗൂഗിളുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ എന്ന വ്യാജേനയാണ് ഈ മാൽവെയർ എത്തുന്നത്. ഉപയോക്താവറിയാതെ ആൻഡ്രോയിഡിന്റെ സുരക്ഷാ പരിമിതികൾ മുതലെടുത്ത് അവ ഫോണിൽ കടന്നുകയറുകയും ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷന്റെ സ്ഥാനത്ത് കൃത്രിമത്വം കാണിച്ച് മറ്റൊരു പതിപ്പ് ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു.

സാമ്പത്തിക ലാഭത്തിന് വേണ്ടി വ്യാജ പരസ്യങ്ങൾ കാണിക്കുന്നതിനാണ് ഏജന്റ് സ്മിത്ത് എന്ന മാൽവെയറിനെ ഉപയോഗിക്കുന്നത്. എന്നാൽ ഹീനമായ മറ്റ് പല പ്രവൃത്തികൾക്കും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നുണ്ടെന്ന് ചെക്ക്പോയിന്റ് റിസർച്ച് പറയുന്നു. പക്ഷെ മാൽവെയർ ആ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല.

വ്യാജ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ ഉപയോഗിക്കപ്പെട്ട കോപ്പി കാറ്റ്, ഗൂളിഗാൻ, ഹമ്മിങ്ബാഡ് തുടങ്ങിയ മാൽവെയറുകൾക്ക് സമാനമാണ് ഏജന്റ് സ്മിത്തിന്റെയും പ്രവർത്തനം.

കൂടുതല്‍ സൈബര്‍ സുരക്ഷ മുന്‍കരുതല്‍ എടുത്താല്‍ മാത്രമേ ഏജന്‍റ് സ്മിത്ത് പോലുള്ള മാല്‍വെയറുകളെ തടയാന്‍ സാധിക്കൂ എന്നാണ് ചെക്ക് പൊയന്‍റ്  മൊബൈല്‍ ത്രെഡ് ഡിറ്റക്ഷന്‍ റിസര്‍ച്ച് മേധാവി ജോനാതന്‍ ഷിമോവിച്ച് പറയുന്നത്. ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അത് വിശ്വാസയോഗ്യമല്ലെ എന്ന് കൃത്യമായി പരിശോധിക്കുക തുടങ്ങിയ മുന്‍ കരുതലുകള്‍ അത്യവശ്യമാണ്.