ഇന്ത്യയ്ക്ക് വിജയം; കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു • ഇ വാർത്ത | evartha
Breaking News

ഇന്ത്യയ്ക്ക് വിജയം; കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

ചാരനെന്ന് മുദ്രകുത്തി കുൽഭൂഷൺ ജാദവിന് പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ ഹേഗിലെ രാജ്യാന്തര കോടതി തടഞ്ഞു. വധശിക്ഷ പുനപരിശോധിക്കാൻ പാക്കിസ്ഥാനു നിർദേശം നൽകിയ കോടതി, ജാദവിന് നയതന്ത്ര സഹായം നൽകണമെന്നും ആവശ്യപ്പെട്ടു.

പാക്കിസ്ഥാൻ നടപടി ക്രമങ്ങൾ വിയന്ന കരാറിന്റെ നഗ്നമായ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫാണ് വിധിപ്രസ്താവം വായിച്ചത്. 16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചിൽ 15 പേരും ഇന്ത്യയുടെ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. ലോകനീതിദിനത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 6:30നാണ് കോടതി വിധി പറഞ്ഞത്. കേസിലെ വിജയം ഇന്ത്യയുടെ നയതന്ത്ര വിജയം കൂടിയാണ്.

ചാരവൃത്തി ആരോപിച്ചാണ് കുൽഭൂഷൺ ജാദവിനെ പാക്കിസ്ഥാൻ അറസ്റ്റ് ചെയ്തത്. 2017 ഏപ്രിലിൽ പാക് കോടതി വധശിക്ഷയും വിധിച്ചു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2017 മെയ് 18-ന് കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതിനുശേഷമാണ് കേസിൽ വാദം കേട്ടത്.

കുൽഭൂഷൺ ജാദവിന്റെ കേസിൽ പാക് കോടതി നടപടികൾ പാലിച്ചില്ലെന്നും ഇത് അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നുമായിരുന്നു ഇന്ത്യയുടെ വാദം. ശരിയായ വിചാരണ കൂടാതെയാണ് പാക്കിസ്ഥാൻ കുൽഭൂഷൺ ജാദവിനെ ശിക്ഷിച്ചതെന്നും അദ്ദേഹത്തെ മോചിപ്പിക്കണമെന്നും ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചു. മുൻ സോളിസിറ്റർ ജനറലായ ഹരീഷ് സാൽവെയാണ് ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര കോടതിയിൽ ഹാജരായത്. 2019 ഫെബ്രുവരി മാസത്തിൽ നടന്ന വാദംകേൾക്കൽ നാലുദിവസം നീണ്ടുനിന്നിരുന്നു