ഓപ്പറേഷൻ താമര പൊളിഞ്ഞു; കർണാടകയിൽ സത്യം ജയിച്ചുവെന്ന് കോൺഗ്രസ് • ഇ വാർത്ത | evartha
Latest News, National

ഓപ്പറേഷൻ താമര പൊളിഞ്ഞു; കർണാടകയിൽ സത്യം ജയിച്ചുവെന്ന് കോൺഗ്രസ്

കർണാടകയിലെ വിമത എം.എൽ.എമാരുടെ രാജിക്കാര്യത്തിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി ഉത്തരവിൽ പ്രതികരണവുമായി സംസ്ഥാന കോൺഗ്രസ്. ഓപ്പറേഷൻ താമര പൊളിഞ്ഞെന്നും സത്യം ജയിച്ചുവെന്നും കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു.

സ്പീക്കറുടെ അധികാര പരിധിയിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും അനുയോജ്യമായ സമയത്തിനുള്ളിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്നുമായിരുന്നു സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.

അതേസമയം, സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സ്പീക്കർ രമേഷ് കുമാർ രംഗത്തെത്തി. ചരിത്ര വിധിയാണിതെന്നു സ്പീക്കർ പ്രതികരിച്ചു. എംഎൽഎമാരുടെ രാജിക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും സ്പീക്കർ അറിയിച്ചു.

എന്നാൽ കർണാടകത്തിലെ സഖ്യസർക്കാരിന് ഇനി തുടരാനാകില്ലെന്ന് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്.യെദിയൂരപ്പ പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത സ്ഥിതിക്ക് മുഖ്യമന്ത്രി കുമാരസ്വാമി വ്യാഴാഴ്ച തന്നെ രാജിവയ്ക്കണമെന്നും അദ്ദേഹം ആവർത്തിച്ചാവശ്യപ്പെട്ടു.