മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍; നിര്‍ണായക നീക്കം • ഇ വാർത്ത | evartha
Breaking News

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് അറസ്റ്റില്‍; നിര്‍ണായക നീക്കം

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയിദ് അറസ്റ്റിലായി. ഇയാളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടെന്നാണ് വിവരം. പാക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ രാജ്യാന്തര കോടതി വിധി പറയാനിരിക്കെയാണ് പാക്കിസ്ഥാന്റെ നിര്‍ണായക നീക്കം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനു മുന്നോടിയായാണ് അറസ്റ്റെന്നും സൂചനയുണ്ട്.

രാജ്യാന്തര സമ്മര്‍ദം അവഗണിക്കാന്‍ നിര്‍വാഹമില്ലാതായതോടെ ഹാഫിസ് സയീദിനും 12 കൂട്ടാളികള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ നേരത്തെ തന്നെ നടപടികളെടുത്തിരുന്നു. ഭീകരപ്രവര്‍ത്തനത്തിനു ധനസഹായം നല്‍കല്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിക്കുന്ന തുക ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചാര്‍ത്തിയത്.

പഞ്ചാബ് പൊലീസിന്റെ ഭീകരവിരുദ്ധ വകുപ്പ് 23 കേസുകളാണ് എടുത്തിട്ടുള്ളത്. പ്രവിശ്യയിലെ വിവിധ നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനത്തിനു പണം നല്‍കിയതിന് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. സയീദ് ലഹോറിലെ ജൗഹര്‍ ടൗണ്‍ വസതിയിലായിരുന്നു ഉണ്ടായിരുന്നത്.

പാക്ക് സര്‍ക്കാരിന്റെ പച്ചക്കൊടിക്കായി കാത്തിരിക്കുകയായിരുന്നു പൊലീസ്. ജമാഅത്തുദ്ദവയുടെയും ലഷ്‌കറെ തയിബയുടെയും സാമ്പത്തിക ഇടപാടുകള്‍ സമഗ്രമായി അന്വേഷിച്ചെന്നും പണം സമാഹരിച്ച ശേഷം അതുകൊണ്ട് അല്‍ അന്‍ഫാല്‍ ട്രസ്റ്റ്, ദവാത് ഉല്‍ ഇര്‍ഷാദ് ട്രസ്റ്റ്, മുവാസ് ബിന്‍ ജബാല്‍ ട്രസ്റ്റ് തുടങ്ങിയവയുടെ പേരില്‍ സ്വത്തുക്കള്‍ വാങ്ങിയെന്നും ഇവ ഉപയോഗിച്ച് കൂടുതല്‍ പണം പിന്നീടും സമാഹരിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ഭീകരതക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരെ അമര്‍ച്ച ചെയ്യുന്നതില്‍ പാക് ഭരണകൂടം പരാജയമാണെന്ന് പാരിസ് കേന്ദ്രമായുള്ള അന്തര്‍ദേശീയ സംഘടന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ ജൂണ്‍ അവസാനം വരെയാണ് ഇമ്രാന്‍ സര്‍ക്കാറിന് അവര്‍ സമയം നല്‍കിയിരുന്നത്. സമയപരിധി ഒക്ടോബര്‍ വരെ നീട്ടിയ എഫ്.എ.ടി.എഫ്, നടപടിയെടുത്തില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.