ഇത്രയും കാലം കളിച്ചു നടന്നില്ലേ… ഇനി കളി മതിയാക്കൂ…; ധോണിയോടു മാതാപിതാക്കള്‍ • ഇ വാർത്ത | evartha
Sports

ഇത്രയും കാലം കളിച്ചു നടന്നില്ലേ… ഇനി കളി മതിയാക്കൂ…; ധോണിയോടു മാതാപിതാക്കള്‍

ഇന്ത്യയുടെ കരീബിയന്‍ പര്യടനം ആരംഭിക്കാനിരിക്കെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും കൊഴുക്കുകയാണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതേസമയം, ധോണി കളി മതിയാക്കുന്നതിനോട് താരത്തിന്റെ മാതാപിതാക്കള്‍ക്ക് കൃത്യമായ അഭിപ്രായമുണ്ട്.

38 കാരനായ ധോണിയെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച പരിശീലകന്‍ കേശവ് ബാനര്‍ജിയാണ് താരത്തിന്റെ മാതാപിതാക്കള്‍ വിരമിക്കലിനെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സംസാരത്തിനിടെ ധോണിയുടെ മാതാപിതാക്കളാണ് തന്നോടു ഇക്കാര്യം പറഞ്ഞത്. മകന്‍ ഇപ്പോള്‍തന്നെ കളി മതിയാക്കണമെന്നാണ് അവരുടെ അഭിപ്രായം.

എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി ക്രിക്കറ്റില്‍ തുടരണമെന്ന് താന്‍ പറഞ്ഞു. അടുത്ത ട്വന്റി 20 ലോകകപ്പിനു ശേഷം വിരമിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. എന്നാല്‍ അവര്‍ അതിനോടു യോജിച്ചില്ല. അവര്‍ പറയുന്നത്, ഇത്രയും വലിയ വീട് ആര് നോക്കും എന്നാണ്. പക്ഷേ ഞാന്‍ പറഞ്ഞു, ഇത്രയും കാലം നിങ്ങള്‍ നോക്കിയില്ലേ, ഒരു വര്‍ഷം കൂടി കാത്തിരിക്കൂ.” കേശവ് പറഞ്ഞു.

എങ്ങനെ പറന്നു വരുന്ന പന്തും കൈപ്പിടിയിലൊതുക്കാനുള്ള ധോണിയുടെ കഴിവ് ശ്രദ്ധയില്‍പ്പെട്ട കേശവാണ് താരത്തെ ഗോള്‍കീപ്പര്‍ എന്ന റോളില്‍ നിന്ന് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത്.