വിന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട് • ഇ വാർത്ത | evartha
Latest News, Sports

വിന്‍ഡീസ് പര്യടനത്തില്‍ ധോണിയുണ്ടായേക്കില്ലെന്ന് റിപ്പോര്‍ട്ട്

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ എം.എസ്. ധോണിയെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ ശക്തം. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ എം.എസ്.ധോണി ഉണ്ടാകില്ലെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഋഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കാനായാണ് ധോണി വിട്ടുനില്‍ക്കുന്നത്. വരാനിരിക്കുന്ന വലിയ പരമ്പരകളില്‍ ആദ്യഇലവനില്‍ ഇടംപിടിക്കില്ലെങ്കിലും പതിനഞ്ചംഗ ടീമില്‍ രണ്ടാംവിക്കറ്റ് കീപ്പറായി ധോണിയുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

ഋഷഭ് പന്തടക്കമുളള യുവതാരങ്ങളെ ലോകോത്തര താരങ്ങളാക്കി മാറ്റുകയാകും ധോണിയുടെ ദൗത്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനാല്‍ അടുത്ത ട്വന്റി–20 ലോകകപ്പ് വരെ ധോണി വിരമിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

രവി ശാസ്ത്രി മുഖ്യപരിശീലകസ്ഥാനം നിലനിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. താരങ്ങളുള്‍പ്പടെയുള്ളവര്‍ ശാസ്ത്രിയെ പിന്തുണയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.