യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

single-img
17 July 2019

യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷത്തിനിടെ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ എസ്എഫ്ഐ യൂണിറ്റ് അം​ഗങ്ങൾക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് പെൺകുട്ടി ഉന്നയിച്ചിരുന്നത്.

കോളേജിലെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്ന് മോശം അനുഭവങ്ങളുണ്ടായതിന്‍റെ പേരിൽ മുൻ വിദ്യാര്‍ഥിനി നിഖിലയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. സമരങ്ങളിൽ പങ്കെടുക്കാൻ തയ്യാറാകാത്തതിന്‍റെ പേരിൽ എസ്എഫ്ഐ പ്രവർത്തകരുടെ ഭാ​ഗത്തുനിന്നുമുണ്ടായ സമ്മർദ്ദം മൂലമാണ് ആത്മഹത്യ ചെയ്യുന്നുതെന്ന് എഴുതിവച്ചായിരുന്നു നിഖില ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യയുടെ ഉത്തരവാദികൾ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങളും പ്രിൻസിപ്പാളുമാണെന്ന് നിഖില ആത്മഹത്യാക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. ഇന്‍റേണൽ പരീക്ഷയുടെ തലേ ദിവസം പോലും ജാഥയിൽ പങ്കെടുക്കാൻ എസ്എഫ്ഐക്കാർ നിർബന്ധിച്ചുവെന്നും എതിർപ്പ് അറിയിച്ചപ്പോൾ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും നിഖില പറയുന്നു. 

അതേസമയം യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത്, ഇജാബ് എന്നിവരെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.