യുഎഇയിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത

single-img
16 July 2019

യുഎഇയില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി വരുമാനം മാത്രം മാനദണ്ഡം. ഏതു തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്കും തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് കുടുംബത്തെ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് പുതിയ നിയമം അനുമതി നല്‍കുന്നു. 4000 ദിര്‍ഹം ശമ്പളമുള്ളവര്‍ക്ക്, അല്ലെങ്കില്‍ 3000 ദിര്‍ഹം ശമ്പളവും, കമ്പനി താമസസൗകര്യവും ഉണ്ടെങ്കില്‍ ഇനി മുതല്‍ കുടുംബത്തെ കൊണ്ടുവരാം.

പ്രവാസിക്ക് തന്റെ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ, 18 വയസു വരെ പ്രായമുള്ള ആണ്‍കുട്ടികള്‍, അവിവാഹിതരായ പെണ്‍കുട്ടികള്‍ എന്നിവരെ സ്‌പോണ്‍സര്‍ ചെയ്യുവാനാണ് യു.എ.ഇ മന്ത്രിസഭ ഈ വര്‍ഷം ആദ്യം നടത്തിയ നിയമ ഭേദഗതി വഴി സാധ്യമായിരിക്കുന്നത്. നേരത്തേ ശമ്പളം എത്രയുണ്ടെങ്കിലും പല തൊഴില്‍ മേഖലയിലുള്ളവര്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയില്ലായിരുന്നു.

ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ യുഎഇയില്‍ സ്വന്തം വിസയില്‍ താമസിപ്പിക്കാന്‍ സാധാരണക്കാരനും പുതിയ നിയമം വഴി സാധിക്കും. വിസയിലെ ജോലിയോ വരുമാനമോ നിലവിലുള്ള മറ്റു നിബന്ധനകളോ ബാധകമല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു.

വിദേശ തൊഴിലാളികളുടെ കുടുംബ സ്ഥിരത, സാമൂഹിക ഐക്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പ്രൊഫഷണല്‍, വ്യക്തിജീവിതം തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ഭാര്യക്ക് ഭര്‍ത്താവിനേയോ ഭര്‍ത്താവിന് ഭാര്യയേയോ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. മക്കളെ കൊണ്ടു വരേണ്ടതുണ്ടെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ് വേണം. രേഖകള്‍ എംബസികളില്‍ അറ്റ്സ്റ്റ് ചെയ്ത് അറബികിലേക്ക് മാറ്റിയാണ് നല്‍കേണ്ടത്.

സര്‍ക്കാര്‍ മേഖലയിലുള്ളവര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം മതി. സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് ശമ്പള സര്‍ട്ടിഫിക്കറ്റിന് പുറമേ ജോലിയുടെ കരാര്‍ സര്‍ട്ടിഫിക്കറ്റും മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റും ഹാജരാക്കണം.