നെടുങ്കണ്ടം ഉരുട്ടിക്കൊല: രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്പി പറഞ്ഞിട്ടെന്ന് എസ്ഐയുടെ മൊഴി

single-img
16 July 2019

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്പിക്കെതിരെ വെളിപ്പെടുത്തലുമായി മുൻ എസ്.ഐ.സാബു. എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തത്.  തൊടുപുഴ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് എസ്.ഐയുടെ െവളിപ്പെടുത്തല്‍. എസ്.പിയുടെ നിര്‍ദേശപ്രകാരം ചോദ്യംചെയ്തത് സഹപ്രവര്‍ത്തകരാണ്.

കട്ടപ്പന ഡിവൈഎസ്പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ താൻ സ്റ്റേഷനിൽ ഇല്ലായിരുന്നു. ജാമ്യം തേടി തൊടുപുഴ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് എസ്‌ഐയുടെ വാദം.നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ സാബു ഉൾപ്പെടെയുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, കേസിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. പീരുമേട് സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ മാർട്ടിൻ ബോസ്‌കോയെ സസ്പെൻഡ് ചെയ്തു. ഒരു താൽക്കാലിക വാർഡനെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ജയിലിലെത്തുമ്പോൾ അവശനിലയിലായിരുന്ന രാജ്കുമാറിന് വൈദ്യസഹായം നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.