ഭയപ്പെടുത്തേണ്ടെന്ന് ഒവൈസി; ഭയക്കുന്നതിന് താന്‍ എന്തുചെയ്യാനാണെന്ന് അമിത് ഷാ

single-img
16 July 2019

വിവാദമായ എന്‍.ഐ.എ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി. 66 നെതിരെ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
സംഘടനകള്‍ക്ക് പുറമെ വ്യക്തികളെ കൂടി ഭീകരവാദികളാക്കി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്നതാണ് ഭേദഗതി.

ഭേദഗതി രാജ്യത്തെ ഭീകരവാദത്തെ ഇല്ലാതാക്കാനുള്ളതാണെന്നും മതത്തിന്റെയടിസ്ഥാനത്തില്‍ വിവേചനം കാണിക്കില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബില്ലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.

അതേസമയം ബില്ലിന്റെ ചർച്ചയ്ക്കിടെ ലോക്സഭയിൽ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേർക്കുനേർ. ബി.ജെ.പി എം.പി സത്യപാൽ സിങ്ങിന്റെ പ്രസംഗം തടസപ്പെടുത്താൻ ഒവൈസി ശ്രമിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഒവൈസിയും സത്യപാൽ സിങ്ങും തർക്കത്തിൽ ഏർപ്പെട്ടതോടെ അമിത് ഷാ വിഷയത്തിൽ ഇടപെട്ടു. മറ്റുള്ളവർ പറയുന്നത് കേൾക്കാനുള്ള ക്ഷമ പ്രതിപക്ഷം കാണിക്കണമെന്ന് അമിത് ഷാ ഒവൈസിയോട് പറഞ്ഞു. ഇതോടെ തനിക്കുനേരെ വിരൽ ചൂണ്ടേണ്ടതില്ലെന്നും തന്നെ ഭയപ്പെടുത്താനാവില്ലെന്നും ഒവൈസി തിരിച്ചടിച്ചു.

ആരെയും ഭയപ്പെടുത്താൻ ശ്രമിച്ചതല്ലെന്നും പ്രതിപക്ഷത്തിന് അൽപ്പം ക്ഷമ വേണമെന്ന് ഓർമ്മിപ്പിച്ചതാണെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളുടെ മനസിൽ ഭയമുണ്ടെങ്കിൽ തനിക്ക് എന്തുചെയ്യാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.