വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് അറസ്റ്റില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ • ഇ വാർത്ത | evartha
National

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് അറസ്റ്റില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

കര്‍ണാടകയില്‍ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, വിമത എം.എല്‍.എ റോഷന്‍ ബെയ്ഗിനെ മുംബൈയിലേക്ക് മാറ്റാനുള്ള ബി.ജെ.പി നീക്കംപാളി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദിയൂരപ്പയുടെ പേഴ്‌സനല്‍ സ്റ്റാഫ് സന്തോഷിനൊപ്പം പ്രത്യേക വിമാനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ റോഷന്‍ ബെയ്ഗിനെ ബംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിനെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന സന്തോഷ് കടന്നുകളഞ്ഞെന്നും ബി.ജെ.പി എം.എല്‍.എ യോഗേശ്വറും സംഭവസ്ഥലത്തുണ്ടായിരുന്നെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. രണ്ടു യാത്രക്കാര്‍ മാത്രമായി പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലെ യാത്രക്കാരുടെ ലിസ്റ്റും കുമാരസ്വാമി ട്വിറ്ററിലിട്ടു.

ഐ.എം.എ ജ്വല്ലറി നിക്ഷേപതട്ടിപ്പു കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘമാണ് ബെയ്ഗിനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് രാത്രി 11ഓടെ പിടികൂടിയത്. നിക്ഷേപ തട്ടിപ്പു കേസില്‍ ആരോപണം നേരിടുന്ന ബെയ്ഗിനോട് കഴിഞ്ഞ വ്യാഴാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, എസ്.ഐ.ടി മുമ്പാകെ ഹാജരാവാതിരുന്ന റോഷന്‍ ബെയ്ഗ് വിശ്വാസ വോട്ടെടുപ്പ് തീയതി നിശ്ചയിച്ചതോടെ ബി.ജെ.പി സഹായത്തോടെ കര്‍ണാടകയില്‍നിന്ന് മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു.

തട്ടിപ്പു നടത്തിയ കേസില്‍ ഐ.എം.എ ഉടമ മന്‍സൂര്‍ഖാന്‍ ഒളിവിലാണ്. 400 കോടി രൂപ ബെയ്ഗ് തട്ടിയെടുത്തതായി ഒളിവില്‍പോകുന്നതിനു മുമ്പ് മന്‍സൂര്‍ഖാന്‍ ആരോപിച്ചിരുന്നു.