കോഹ്‌ലി രോഹിത് ഭിന്നത; ക്യാപ്റ്റന്‍സി വിഭജിച്ചേക്കും

single-img
16 July 2019

ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തതായി റിപ്പോര്‍ട്ട്. തീരുമാനങ്ങളില്‍ പലതും പരിശീലകന്‍ രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും മാത്രം അഭിപ്രായങ്ങള്‍ ആയിരുന്നുവെന്നാണ് സൂചന. ഇരുവരുടേയും പല തീരുമാനങ്ങള്‍ക്കും വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയടക്കമുള്ള താരങ്ങള്‍ക്ക് എതിരഭിപ്രായമുണ്ടായിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

വിരാട് കോഹ്‌ലിക്ക് ഒപ്പം നില്‍ക്കുന്ന കളിക്കാര്‍ക്ക് ടീമില്‍ മുന്‍ഗണന ലഭിച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഇതോടെ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഭിപ്രായ വ്യത്യാസത്തിലാണെന്ന് ഇന്ത്യ ടുഡെ ഉള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഉടനെ ചേരുന്ന ലോകകപ്പ് അവലോകന യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് അഭിപ്രായത്തോടെ മുന്നോട്ട് പോകാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കില്ല. അതുകൊണ്ട് തന്നെ പുറത്തുവരുന്ന വാര്‍ത്തകളില്‍ വാസ്തവമുണ്ടെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഇരുവര്‍ക്കും പങ്കിട്ട് നല്‍കാനും സാധ്യതയേറെയാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രോഹിത്തിനേയും ടെസ്റ്റില്‍ കോലിയേയും ക്യാപ്റ്റനാക്കുന്ന കാര്യം ചര്‍ച്ച ചെയ്യും.

‘ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ഏറ്റെടുക്കുന്നതിനുള്ള ശരിയായ സമയമാണിത്. ഇപ്പോഴത്തെ ക്യാപ്റ്റനും മാനേജ്‌മെന്റിനും വളരെയധികം പിന്തുണ ലഭിച്ചിട്ടുണ്ട്. അടുത്ത ലോകകപ്പ് ലക്ഷ്യം വെച്ച് ആസൂത്രണം ചെയ്യേണ്ട സമയമാണിത്, നിലവിലെ പ്ലാനുകള്‍ക്ക് പുതിയ രൂപം ആവശ്യമാണ്. രോഹിത് ഈ ജോലിക്ക് ശരിയായ ആളായിരിക്കും’,
ഒരു ബി.സി.സിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അതേസമയം, ബി.സി.സി.ഐ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍മാരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലോകകപ്പ് അവലോകന യോഗത്തില്‍ കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ കോഹ്‌ലി, ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദ് എന്നിവര്‍ പങ്കെടുക്കും. ഇതില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ടീമിന്റെ പ്രകടനമടക്കം അടിയന്തിര ശ്രദ്ധ ആവശ്യമുള്ള മേഖലകള്‍ യോഗം ചര്‍ച്ച ചെയ്യും.

കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റിന്റെ സമയത്താണ് സുപ്രിംകോടതി നിയമിച്ച ബി.സി.സി.ഐ കമ്മിറ്റി മുതിര്‍ന്ന കളിക്കാരുമായും പരിശീലകനുമായും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.