സ്ത്രീകൾ ജോലി ചെയ്യുന്നതിനാൽ താലിബാൻ ഭീഷണി: അഫ്ഗാനിലെ റേഡിയോ സ്റ്റേഷൻ അടച്ചു പൂട്ടി

single-img
16 July 2019

കാബൂൾ: താലിബാന്റെ ഭീഷണിമൂലം അഫ്ഗാനിസ്ഥാനിലെ റേഡിയോ നിലയം അടച്ചുപൂട്ടുന്നു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ
ഗസ്നി പ്രോവിൻസിന്റെ തലസ്ഥാനമായ ഗസ്നി പട്ടണത്തിലുള്ള സമാ എന്ന റേഡിയോ സ്റ്റേഷനാണ് പ്രദേശത്തെ താലിബാൻ കമാൻഡറുടെ തുടർച്ചയായ ഭീഷണിയെത്തുടർന്ന് അടച്ചുപൂട്ടുന്നത്.

തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട് നിരന്തരം ഫോൺ കോളുകൾ വരുന്നുണ്ടെന്ന് സമാ റേഡിയോ സ്റ്റേഷന്റെ ഡയറക്ടർ റമീസ് അസീമി പറഞ്ഞതതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഫോൺ കോളുകൾക്ക്
പുറമേ താലിബാൻ കമാൻഡറുടെ ഭീഷണിക്കത്തുകളും ലഭിച്ചു. മാത്രമല്ല ചിലർ വീട്ടിൽ നേരിട്ടെത്തിയും ഭീഷനിപ്പെടുത്തിയതായി അസീമി അറിയിച്ചു.

റേഡിയോ നിലയത്തിലെ 16 ജീവനക്കാരിൽ മൂന്നുപേർ സ്ത്രീകളാണെന്നതാണ് താലിബാനെ ചൊടിപ്പിച്ചതെന്ന് അസീമി പറയുന്നു. സ്ത്രീകളുടെ വിദ്യാഭ്യാസപരവും തൊഴിൽ ചെയ്യാനുമുള്ള അവകാശങ്ങൾക്ക് താലിബാൻ ആശയപരമായി എതിരാണ്. ഗസ്നി പ്രോവിൻസിലെ നിരവധി ജില്ലകളിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നത് താലിബാൻ ആണ്.

നാലുദിവസം മുന്നേ നിലയം അടച്ചുപൂട്ടിയതായി അസീമി അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. 2013 മുതൽ സംപ്രേഷണം നടത്തുന്ന സ്വകാര്യ റേഡിയോ സ്റ്റേഷൻ ആണ് സമാ.

എന്നാൽ സമാ റേഡിയോ സ്റ്റേഷനെ തങ്ങൾ ഭീഷനിപ്പെടുത്തിയെന്ന ആരോപണം താലിബാൻ വക്താവായ സബീഹുള്ള മുജാഹിദ് നിഷേധിച്ചിട്ടുണ്ട്.