'വടി'യെടുത്ത് മോദി; പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്‍കാന്‍ നിര്‍ദേശം • ഇ വാർത്ത | evartha
National

‘വടി’യെടുത്ത് മോദി; പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരുടെ പേരുകള്‍ നല്‍കാന്‍ നിര്‍ദേശം

പാര്‍ലമെന്റില്‍ സ്ഥിരമായി ഹാജരാകാത്ത മന്ത്രിമാര്‍ക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹാജരാകാത്ത മന്ത്രിമാരുടെ പട്ടിക തയാറാക്കി ഇന്ന് വൈകുന്നേരം സമര്‍പ്പിക്കണമെന്ന് മോദി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ തങ്ങളുടെ കര്‍ത്തവ്യം നിറവേറ്റാന്‍ പാര്‍ലമെന്റില്‍ എത്തുന്നില്ല എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി വിഷയത്തില്‍ അതൃപ്തി അറിയിച്ചത്. മന്ത്രിമാര്‍ പാര്‍ലമെന്റ് കര്‍ത്തവ്യങ്ങളില്‍ വീഴ്ച വരുത്തരുതെന്നും രാഷ്ട്രീയം മാറ്റി നിര്‍ത്തി പ്രവര്‍ത്തിക്കണമെന്നും പ്രധാനന്ത്രി ആവശ്യപ്പെട്ടു

ജലദൗര്‍ലബ്യം, പ്രളയം തുടങ്ങിയ വിഷയങ്ങളില്‍ ജനപ്രതിനിധികള്‍ അതാത് മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിഹാരത്തിന് ശ്രമിക്കണം. എം.പിമാര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.