Kerala

കൊല്ലത്ത് പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസ്; മുങ്ങിയ പ്രതിയെ സൗദിയില്‍ കുടുക്കി മെറിന്‍ ജോസഫ്

പീഡനത്തിനിരയായ പെണ്‍കുട്ടി അനാഥമന്ദിരത്തില്‍ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ റിയാദില്‍ അറസ്റ്റു ചെയ്തു. സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം പ്രതിയെ ഇന്നു നാട്ടിലെത്തിക്കും

2017 ലാണ് കേസിനാസ്പദമായ സംഭവം. ദീര്‍ഘകാലമായി റിയാദില്‍ പ്രവാസിയായ സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പിതൃസഹോദരന്റെ സുഹൃത്തായിരുന്നു പ്രതി. സ്ഥിരം മദ്യപനായ ഇളയച്ഛന്‍ വഴിയാണ് പെണ്‍കുട്ടിയുടെ വീടുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചത്.

പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും ചൈല്‍ഡ് ലൈന് വിവരം അറിയിക്കുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായി. കേസിന്റെ അന്വേഷണം നടക്കുമ്പോഴാണ് പ്രതി അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയത്.

കുട്ടിയെ പിന്നീട് കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവിടെ വെച്ച് ഈ കുട്ടിയും അന്തേവാസിയായ മറ്റൊരു കുട്ടിയും ജീവനൊടുക്കി. മഹിളാമന്ദരിത്തിലെ ദുരനുഭവമായിരുന്നു ഇതിന് കാരണം. ഇതിന് ഉത്തരവാദികളായ മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ ജയിലിലാണ്.

റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഒന്നര വര്‍ഷമായി നടത്തിവന്ന ശ്രമങ്ങള്‍ വിജയിക്കാതായതോടെയാണ് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്. റിയാദില്‍ നിന്ന് പിടികൂടിയ പ്രതിയെ അല്‍ഹൈര്‍ ജയിലിലാണ് പാര്‍പ്പിച്ചത്.

തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇന്റര്‍പോള്‍ പിടികൂടി ഇതിനു മുമ്പും ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍ പോക്‌സോ ചുമത്തിയ കേസില്‍ ആദ്യമായാണ് അറസ്റ്റും കൈമാറ്റവും നടത്തുന്നത്. 2010 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശന വേളയിലാണ് സൗദിയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടാക്കിയത് .

ഇരു രാജ്യങ്ങളും തമ്മില്‍ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ് മെറിന്‍ ജോസഫ്. കൊല്ലം ജില്ലാ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് പോലീസ് കമീഷണര്‍ എം. അനില്‍കുമാര്‍, ഓച്ചിറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രകാശ് എന്നിവരാണ് മെറിന്‍ ജോസഫിനോടൊപ്പം ഞായറാഴ്ച സൗദിയുടെ തലസ്ഥാനനഗരിയില്‍ എത്തിയത്.