വിശക്കുന്നവരുടെ വായില്‍ മതം തിരുകുന്നത് പരിഹാസ്യമാണ്; അവര്‍ക്ക് വേണ്ടത് അപ്പമാണ്: എം.ബി.രാജേഷ് • ഇ വാർത്ത | evartha
Kerala

വിശക്കുന്നവരുടെ വായില്‍ മതം തിരുകുന്നത് പരിഹാസ്യമാണ്; അവര്‍ക്ക് വേണ്ടത് അപ്പമാണ്: എം.ബി.രാജേഷ്

തൊഴിലാളികളുടെ ദിവസ വരുമാനമായ മിനിമം കൂലി 178 രൂപയായി നിജപ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത് എം.ബി.രാജേഷ്. ഒരു മാസം കേവലം 4628 രൂപ കൊണ്ട് ഒരു തൊഴിലാളി കുടുംബം ജീവിച്ചു കൊള്ളണമെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇത് രാജ്യത്തെ മിനിമം കൂലി ദിവസം 474 രൂപയാക്കുമെന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നിങ്ങള്‍ക്ക് മനുഷ്യനെപ്പോലെ ജീവിക്കാന്‍ എത്ര വരുമാനം ആവശ്യമാണ്? ദിവസം 178 രൂപ? അല്ലെങ്കില്‍ മാസം 4628 രൂപ? ഇതു കൊണ്ടാവുമോ? സത്യാനന്തര കാലത്ത് മനുഷ്യന്റെ വികാരങ്ങളെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ അതിനടിയില്‍ കുഴിച്ചുമൂടുകയാണ് നടപ്പ് രീതി.

അങ്ങിനെ കുഴിച്ചുമൂടാന്‍ പാടില്ലാത്ത ഒരു പൊള്ളുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനാണ് ഈ കുറിപ്പ്. നിസ്സാരരായ മനുഷ്യ ലക്ഷങ്ങളുടെ ഉപജീവനത്തിന്റെ കാര്യമാണത്. ഒരു മാദ്ധ്യമവും ചര്‍ച്ച ചെയ്യാന്‍ ഇടയില്ലാത്തത്ര പാവപ്പെട്ടവരുടെ കാര്യം. രണ്ടാം മോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴിലാളികളുടെ മിനിമം കൂലി 178 രൂപയായി നിജപ്പെടുത്തി ഉത്തരവായിരിക്കുന്നു.

അതായത് മാസം 4628 രൂപ കൊണ്ട് ഒരു തൊഴിലാളി കുടുംബം ജീവിച്ചുകൊള്ളണമെന്ന്. ബി.ജെ.പി.യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തെ മിനിമം കൂലി ദിവസം 474 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു. ഒന്നാം മോഡി സര്‍ക്കാരിന്റെ അഞ്ചു വര്‍ഷത്തിനിടയില്‍ മിനിമം കൂലി കൂട്ടിയത് 135 ല്‍ നിന്ന് 176 രൂപയായി.

അഞ്ചു വര്‍ഷം കൊണ്ട് ആകെ കൂട്ടിയത് 41 രൂപ.രണ്ടാം മോദി ഗവണ്‍മെന്റിപ്പോള്‍ കൂട്ടിയത് 2 രൂപയും! ബജറ്റില്‍ പെട്രോളിനും ഡീസലിനും ഇതിനേക്കാള്‍ കുട്ടിയെന്നോര്‍ക്കുക. കേന്ദ്ര സര്‍ക്കാര്‍ തന്നെ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശ മിനിമം കൂലി ദിവസം 447 രൂപയും മിനിമം മാസ വേതനം 11622 രൂപയുമാക്കി കുട്ടണം എന്നാണ്.

അതിലേക്കാണ് 2 രൂപയുടെ പിച്ചക്കാശ് മോദി നല്‍കുന്നത്.അഞ്ചു വര്‍ഷം കൊണ്ട് തൊഴിലാളിയുടെ മിനിമം കൂലിയില്‍ വര്‍ദ്ധന 41 രൂപ മാത്രമെങ്കിലും മുകേഷ് അംബാനിയുടെ ആസ്തിയില്‍ 32 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 1ലക്ഷം കോടി രൂപയുടെ ) വര്‍ദ്ധനവുണ്ടായി! അദാനിയുടെ ആസ്തി ഇക്കാലയളവില്‍ നാലിരട്ടിയും കൂടി .

പുതിയ ബജറ്റിലാണെങ്കില്‍ 99.7% കോര്‍പ്പറേറ്റ് കമ്ബനികളുടേയും നികുതി നിരക്ക് 30 ല്‍ നിന്ന് 25 % ആയി കുറച്ചു. ആകെ കോര്‍പ്പറേറ്റ് നികുതിയിളവ് 4.69 ലക്ഷം കോടി! ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രാഥമിക കണക്കനുസരിച്ച് ബി.ജെ.പി ചെലവഴിച്ചത് 27000 കോടി രൂപയെന്ന് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ പഠനം.

കഴിഞ്ഞ ദിവസം വന്ന അഉഞ റിപ്പോര്‍ട്ടനുസരിച്ച് കോര്‍പ്പറേറ്റുകള്‍ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകളിലൂടെ നല്‍കിയ സംഭാവനകളുടെ 93 ശതമാനവും ആഖജ ക്ക്. തെരഞ്ഞെടുപ്പില്‍ ജയിക്കാനും ജയിക്കാത്തിടത്ത് അധികാരം വിലക്കു വാങ്ങാനും വാരിക്കോരി പണം നല്‍കുന്ന കോര്‍പ്പറേറ്റുകള്‍ക്കുള്ള പ്രത്യുപകാരമത്രേ വെറും രണ്ടു രൂപയിലൊതുക്കിയ മിനിമം കൂലി വര്‍ദ്ധനവും ലക്ഷക്കണക്കിന് കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതിയിളവുകളും.

തൊഴിലാളികള്‍ക്ക് പിച്ചക്കാശും തികയാത്തതിന് അണ്ണാക്കിലേക്ക് മുടങ്ങാതെ കോരിയൊഴിക്കുന്ന വര്‍ഗ്ഗീയാസവവും രാജ്യസ്‌നേഹ ലേഹ്യവും മാത്രം. വിവേകാനന്ദന്‍ പറഞ്ഞത് മോദി ഓര്‍ക്കാനിടയില്ല.’വിശക്കുന്ന ആര്‍ത്തലക്ഷങ്ങളുടെ വായില്‍ മതം തിരുകുന്നത് പരിഹാസ്യമാണ്. അവര്‍ക്ക് വേണ്ടത് അപ്പമാണ്. ‘