തെറ്റുപറ്റി; നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി

single-img
16 July 2019

ആര്‍ട്‌സ് ഫെസ്റ്റ് രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത ഉത്തരക്കടലാസ് എന്ന പേരില്‍ ഒന്നാം പേജില്‍ അച്ചടിച്ച സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി മാതൃഭൂമി. മാതൃഭൂമി ന്യൂസ് ചാനലിലൂടെയാണ് ഖേദപ്രകടനം നടത്തിയത്.

ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാംപേജിലെ പ്രധാന വാര്‍ത്തയിലാണ് കലോല്‍സവ രജിസ്‌ട്രേഷന്‍ ഫോമിന്റെ ചിത്രമടങ്ങിയ വാര്‍ത്ത ഉത്തരക്കടലാസാക്കി നല്‍കിയത്. ഫെബ്രുവരി 22, 2019 ദിനത്തില്‍ പൂരിപ്പിച്ച ഫോമില്‍ സെക്ഷന്‍ ഏതെന്ന സ്ഥലത്ത് മ്യൂസിക് എന്നും പങ്കെടുക്കുന്നവരുടെ എണ്ണത്തിന്റെ കോളത്തില്‍ സോളോ എന്നും പൂരിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി 27 മുതല്‍ നടന്ന കലോല്‍സവത്തിന്റെ രജിസ്‌ട്രേഷന്‍ ഫോമാണ് മാതൃഭൂമി ദിനപത്രത്തില്‍ നല്‍കിയത്. വാര്‍ത്തയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ് ഉയരുന്നത്. ഇതിനിടയിലാണ് മാതൃഭൂമി ഖേദം രേഖപ്പെടുത്തിയത്.

എന്നാല്‍ പിടിച്ചെടുത്ത ഉത്തരക്കടലാസുകള്‍ തങ്ങളുടെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട മാതൃഭൂമി ഇതിന്റെ ദൃശ്യങ്ങളും വാര്‍ത്തയില്‍ കാണിച്ചു. ഉത്തരക്കടലാസ് എന്ന പേരില്‍ അച്ചടിച്ച് വന്നത് മറ്റൊരു ചിത്രമാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. യാതൊരു വിധത്തിലും ന്യായീകരിക്കാനാവുന്ന തെറ്റല്ല അത് എന്ന് അംഗീകരിക്കുന്നു.

യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് മാതൃഭൂമി നല്‍കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മാതൃഭൂമി പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ട് വന്ന യഥാര്‍ത്ഥ വാര്‍ത്തകള്‍ മാത്രമാണ് ഇതുവരെ പത്രം നല്‍കിയതെന്നും തെറ്റായ ഒരു ചിത്രം അച്ചടിച്ചു എന്ന പേരില്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന എല്ലാ അക്രമങ്ങളേയും വെള്ളപൂശുന്ന നിലപാടാണ് ഇപ്പോള്‍ ഉള്ളതെന്നും അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും മാതൃഭൂമി പറയുന്നു. ഈ വിഷയത്തില്‍ മാതൃഭൂമി വായനക്കാര്‍ക്കും ജനങ്ങള്‍ക്കുമൊപ്പമാണെന്നും മാതൃഭൂമി വിശദീകരണത്തില്‍ പറയുന്നു.

വ്യാജവാര്‍ത്തയെന്ന പ്രചാരണം അടിസ്ഥാനരഹിതം; ചിത്രം മാറിപ്പോയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു

വ്യാജവാര്‍ത്തയെന്ന പ്രചാരണം അടിസ്ഥാനരഹിതം;വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നു; ചിത്രം മാറിപ്പോയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന ഒരു ചിത്രവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത സൃഷ്ടിച്ചുവെന്ന പ്രചാരണം അടിസ്ഥാനരഹിതം. ചിത്രം തെറ്റായി പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമി ദിനപത്രം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ രേഖ മാതൃഭൂമിയുടെ കൈവശമുണ്ടെന്ന കാര്യം ഞങ്ങള്‍ എല്ലാ വായനക്കാരെയും അറിയിക്കുകയാണ്.Read More:https://bit.ly/2JKrO8r #MathrubhumiNews #Mathrubhumi

Posted by Mathrubhumi on Tuesday, July 16, 2019