ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമിയുടെ ഫ്രണ്ട് പേജ് വാര്‍ത്ത; സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

single-img
16 July 2019

ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം യൂണിവേഴ്‌സിറ്റി കോളേജിലെ ഉത്തരക്കടലാസായി ചിത്രീകരിച്ച് മാതൃഭൂമി പത്രം. യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ റുമില്‍ നിന്ന് ഉത്തരക്കടലാസുകള്‍ പിടിച്ചെടുത്തെന്ന വാര്‍ത്തയിലാണ് ആര്‍ട്‌സ് ഫെസ്റ്റിന്റെ രജിസ്‌ട്രേഷന്‍ ഫോം ഉത്തരക്കടലാസ് എന്ന നിലയില്‍ പത്രം പ്രസിദ്ധീകരിച്ചത്.

ലൈറ്റ് മ്യൂസികിന് പങ്കെടുത്ത ഒരു കുട്ടിയുടെ രജിസ്‌ട്രേഷന്‍ ഫോമാണ് ഉത്തരക്കടലാസായി മാതൃഭുമി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ നല്‍കിയിരിക്കുന്ന ഷീറ്റില്‍ പേര് എഴുതാനുള്ള സ്ഥലവും പങ്കെടുക്കുന്ന ഇനം എഴുതാനുള്ള ഇടവുമെല്ലാം വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്.

ഒറ്റയ്ക്കാണോ ഗ്രൂപ്പായിട്ടാണോ പങ്കെടുക്കുന്നതെന്നും ഷീറ്റില്‍ ചോദിക്കുന്നുണ്ട്. ‘ഉത്തരമില്ലാതെ ക്രമക്കേട്’ എന്ന തലക്കെട്ടില്‍ പ്രധാനവാര്‍ത്തയായിട്ടാണ് സംഭവം മാതൃഭുമി നല്‍കിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ മാതൃഭൂമിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

അതേസമയം, ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി പോലീസ് നിയമോപദേശം തേടും. ഇക്കാര്യത്തില്‍ ശിവരഞ്ജിത്തിനെതിരെ കേസെടുക്കുക നിയമോപദേശത്തിന് ശേഷമാകും. വിഷയത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയമോപദേശം തേടുന്നത്.

സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി വ്യാജരേഖ ചമച്ചതിനാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.

വിഷയത്തില്‍ സര്‍വകലാശാല ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തുടര്‍നടപടികള്‍ നിയമോപദേശത്തിന് ശേഷം മതിയെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ തീരുമാനം. സര്‍വകലാശാലയുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ പോലീസിന് ഇതില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സാധിക്കുമോ എന്നാണ് പ്രധാനമായും പരിശോധിക്കുക.

മാത്രമല്ല വിഷയത്തില്‍ സര്‍വകലാശാല പരാതി നല്‍കിയതിന് ശേഷം മാത്രം കേസെടുത്താല്‍ മതിയോ എന്നും നിയമോപദേശം തേടും. വിദ്യാര്‍ഥിയെ കുത്തിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വേറൊരു എഫ്.ഐ.ആര്‍ കൂടി രജിസ്റ്റര്‍ ചെയ്യേണ്ടിവരുന്നത് നിലവിലെ അന്വേഷണത്തെ ബാധിക്കും. ഇത് കണക്കിലെടുത്താണ് നിയമോപദേശം തേടാനുള്ള തീരുമാനം.