കോഹ്‌ലി പുറത്ത്, രോഹിതും ബുമ്രയും അകത്ത്; ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു • ഇ വാർത്ത | evartha
Latest News, Sports

കോഹ്‌ലി പുറത്ത്, രോഹിതും ബുമ്രയും അകത്ത്; ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു

ഒന്നര മാസത്തോളം നീണ്ട ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ ഐ.സി.സി ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. ന്യൂസീലന്‍ഡിനെ രണ്ടു തവണ ലോകകപ്പ് ഫൈനലിലെത്തിച്ച കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ടീമില്‍ ഇന്ത്യയില്‍ നിന്ന് ഓപ്പണര്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബുംറയും മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഞായറാഴ്ച ലോഡ്‌സില്‍ ഫൈനലില്‍ ഏറ്റുമുട്ടിയ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളില്‍നിന്ന് ആറു പേരാണ് ലോക ഇലവനില്‍ ഇടംപിടിച്ചത്. അതില്‍ത്തന്നെ നാലു പേര്‍ ഇംഗ്ലണ്ട് ടീമില്‍നിന്നാണ്. ലോക ഇലവനിലേക്ക് ഏറ്റവും കൂടുതല്‍ താരങ്ങളെ സംഭാവന ചെയ്തതും ഇംഗ്ലണ്ട് തന്നെ. ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് രണ്ടു താരങ്ങള്‍വീതവും ഒരു ബംഗ്ലാദേശ് താരവുമാണ് ടീമിലുള്ളത്.

ലോകകപ്പില്‍ ഒന്‍പത് ഇന്നിങ്‌സുകളില്‍നിന്നായി 648 റണ്‍സോടെ ടോപ് സ്‌കോററായ രോഹിത് ശര്‍മയെ, ഇംഗ്ലണ്ടിന്റെ ജെയ്‌സണ്‍ റോയിക്കൊപ്പം ഓപ്പണറുടെ റോളിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓപ്പണര്‍മാരുടെ റോളില്‍ റോയിയും രോഹിതും ലോക ഇലവനിലെത്തിയതോടെ മികച്ച പ്രകടനം കാഴ്ചവച്ച ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തായി.

ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ട, ടീമിന്റെ നായകന്‍ കൂടിയായ കെയ്ന്‍ വില്യംസനാണ് വണ്‍ഡൗണായെത്തുന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടം കെയ്ന്‍ വില്യംസന്‍ ഈ ലോകകപ്പില്‍ സ്വന്തമാക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ 556 റണ്‍സടിച്ച ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് നാലാമന്‍. 606 റണ്‍സും 11 വിക്കറ്റും വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസന്‍ അഞ്ചാമനാണ്. ഫൈനലിലെ താരമായ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്‌സ് ആറാമനായെത്തുമ്പോള്‍ ജോസ് ബട്ട്‌ലറെയും എം.എസ് ധോനിയേയും പിന്തള്ളി ഓസ്‌ട്രേലിയയുടെ അലക്‌സ് കാരി വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ചു. ടൂര്‍ണമെന്റിലെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് 375 റണ്‍സാണ് കാരിയുടെ സമ്പാദ്യം.

27 വിക്കറ്റുകളുമായി ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, ന്യൂസീലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ എന്നിവരാണ് ബുംറയെ കൂടാതെ ടീമിലുള്ള ബൗളര്‍മാര്‍. കിവീസിന്റെ ട്രെന്റ് ബോള്‍ട്ടാണ് ടീമിലെ പന്ത്രണ്ടാമന്‍.

ഐ.സി.സിയുടെ ലോകകപ്പ് 2019 ഇലവന്‍: രോഹിത് ശര്‍മ, ജേസണ്‍ റോയ്, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ജോ റൂട്ട്, ഷാക്കിബ് അല്‍ ഹസന്‍, ബെന്‍ സ്റ്റോക്ക്‌സ്, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഫ്ര ആര്‍ച്ചര്‍, ലോക്കി ഫെര്‍ഗൂസന്‍, ജസ്പ്രീത് ബുംറ. പന്ത്രണ്ടാമന്‍ ട്രെന്റ് ബോള്‍ട്ട്.