യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി • ഇ വാർത്ത | evartha
Kerala, Latest News

യൂണിവേഴ്സിറ്റി കോളജിലെ ഉത്തരക്കടലാസ് വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി

കോളജിനു പുറത്ത് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ക്രൈംബ്രാഞ്ച‌് അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ക്രിമിനലുകളെ കോളജില്‍ അനുവദിക്കില്ലെന്നും ഡിജിപി മാധ്യമങ്ങളോടു പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസിൽ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നായിരുന്നു സർവകലാശാല ഉത്തരക്കടലാസും ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി രജിസ്ട്രാറുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളേജിലുണ്ടായ പ്രശ്‌നങ്ങളിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും എല്ലാ പ്രതികളെയും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസുകളും മുദ്രയും പിടിച്ചെടുത്തതിനെക്കുറിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിപി മഹാദേവന്‍ പിള്ളയോട് അടിയന്തര വിശദീകരണം തേടിയിരുന്നു. വൈസ് ചാന്‍സലറുടെ മറുപടി ലഭിച്ച ശേഷമായിരിക്കും ഗവര്‍ണര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. ഗവര്‍ണറുടെ ഇടപെടണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളടക്കം ആവശ്യപ്പെട്ടിരുന്നു.