വിമാനത്തിലിരുന്ന് പുകവലിച്ച പ്രവാസി മലയാളി അറസ്റ്റില്‍ • ഇ വാർത്ത | evartha
gulf, Kerala

വിമാനത്തിലിരുന്ന് പുകവലിച്ച പ്രവാസി മലയാളി അറസ്റ്റില്‍

വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി ജസോ ടി.ജെറോം (24) ആണ് പിടിയിലായത്. യുവാവിനെ പിന്നീട് 15,000 രൂപയുടെ ജാമ്യത്തില്‍ വിട്ടു. ദോഹയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിന്റെ ശൗചാലയത്തില്‍ വെച്ച് പുകവലിച്ച ജെസോമിനെ വിമാനത്തിലെ ജീവനക്കാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങാറായപ്പോഴായിരുന്നു ജസോ പുകവലിച്ചത്. അപായസന്ദേശം ലഭിച്ചതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ പിടികൂടിയത്. ദോഹയില്‍ ഒരു സ്വകാര്യകമ്പനിയില്‍ ജോലി ചെയ്യുന്ന ജസോ മുംബൈയിലിറങ്ങി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മാറിക്കയറാനിരിക്കുകയായിരുന്നു. വിമാനത്തില്‍ പുകവലി നിരോധനമുള്ള വിവരം തനിക്കറിയില്ലെന്ന് ജസോ പോലീസിനോടു പറഞ്ഞു.