യുവാവും യുവതികളും ട്രിപ്പിളടിച്ച ബൈക്ക് വീണത് ബസ്സിനടിയില്‍; രണ്ട് മരണം: വീഡിയോ

single-img
16 July 2019

ചെന്നൈ നന്ദാനം ദേശീയപാതയില്‍ വൈഎംസിഎക്ക് സമീപം ഇന്നു രാവിലെ 8.50നായിരുന്നു അപകടം. യുവതികളും യുവാവും ഉള്‍പ്പെടെ മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ബസിനടിയിലേക്ക് വീഴുകയായിരുന്നു. എഞ്ചിനീയര്‍മാരും ആന്ധ്രപ്രദേശ് സ്വദേശികളുമായ ശിവ, ഭവാനി, നാഗലക്ഷ്മി എന്നിവര്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

എഗ്മൂറിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നു ഇവര്‍. ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി ഉരസിയ ശേഷം അതേ ദിശയില്‍ തന്നെ പോകുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. ഭവാനിയും നാഗലക്ഷ്മിയും സംഭവസ്ഥലത്തു തന്നെ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ ശിവ ആശുപത്രിയിലാണ്. ഇരുപതുകാരനായ ശിവയാണ് ബൈക്ക് ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസ് ഡ്രൈവര്‍ ഗുണശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.