പശുക്കള്‍ ചത്ത സംഭവം: രോഷാകുലനായി യോഗി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ • ഇ വാർത്ത | evartha
National

പശുക്കള്‍ ചത്ത സംഭവം: രോഷാകുലനായി യോഗി; ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് പശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ എട്ട് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്‌പെന്റ് ചെയ്തു. ഗോവധ നിരോധന നിയമ പ്രകാരമാണ് ഉദ്യോഗസ്ഥ അനാസ്ഥയ്ക്ക് എതിരെ നടപടിയെടുത്തത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്യോഗസ്ഥരോട് രോഷാകുലനായാണ് മുഖ്യമന്ത്രി സംസാരിച്ചതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. അയോധ്യ മുനിസിപ്പാലിറ്റിയിലെ ബ്ലോക് ഡവലപ്‌മെന്റ് ഓഫീസര്‍, ഗ്രാമ പഞ്ചായത്ത് ഓഫീസര്‍, ഡപ്യൂട്ടി ചീഫ് വെറ്ററിനറി ഓഫീസര്‍ എന്നിവര്‍ക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് നടപടി.

മിര്‍സപുര്‍ ജില്ലയിലെ ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ എകെ സിംഗ്, നഗര്‍ പാലിക എക്‌സിക്യുട്ടീവ് ഓഫീസര്‍ മുകേഷ് കുമാര്‍, മുനിസിപ്പാലിറ്റി സിറ്റി എഞ്ചിനീയര്‍ രാംജി ഉപാദ്ധ്യായ് എന്നിവരെയും സസ്‌പെന്റ് ചെയ്തു. ഒരു ജില്ലാ കളക്ടറടക്കം മൂന്ന് പേര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും മുഖ്യമന്ത്രി നല്‍കി.

പശുക്കള്‍ക്ക് കാലിത്തീറ്റ ഒരുക്കുന്നതും വൈദ്യസുരക്ഷ നല്‍കുന്നതും തൊഴുത്തുകള്‍ നിര്‍മ്മിക്കുന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഗുരുതരമായ ക്രിമിനല്‍ കേസ് ചുമത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

അയോധ്യയിലെ ഒരു തൊഴുത്തില്‍ 50 പശുക്കളാണ് ചത്തത്. ചത്ത പശുക്കളെ ഗോശാലയില്‍ തന്നെ സംസ്‌കരിച്ചതായി ഇതിന്റെ മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ആള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മിര്‍സപുരില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്ത തൊഴുത്തില്‍ കഴിഞ്ഞ ആഴ്ച നിരവധി പശുക്കള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.