യൂണിവേഴ്‌സിറ്റി കോളേജിലേക്ക് വിവിധ സംഘടനകള്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

single-img
15 July 2019

Support Evartha to Save Independent journalism

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ അക്രമത്തിലും പ്രതികളുടെ പരീക്ഷാ ക്രമക്കേടിലും പ്രതിഷേധം തുടരുന്നു. യൂണിവേഴ്‌സിറ്റി കോളേജ്, സെക്രട്ടേറിയറ്റ്, പി.എസ്.സി ഓഫീസ്, കേരള സര്‍വകലാശാല എന്നിവിടങ്ങളിലേക്ക് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എസ്.ഡി.പി.ഐ, യുവമോര്‍ച്ച, എ.ബി.വി.പി സംഘടനകള്‍ മാര്‍ച്ച് നടത്തി. എസ്.ഡി.പി.ഐ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെയുണ്ടായ യുവമോര്‍ച്ച, എ.ബി.വി.പി മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

അതേസമയം, പ്രതികള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ വന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പി.എസ്.സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സര്‍വകലാശാല വി.സിയുടെ ഓഫീസിലേക്ക് കെ.എസ്.യുവും മാര്‍ച്ച് നടത്തി. ഇവിടെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതികള്‍ പി.എസ്.സി, സര്‍വകലാശാല പരീക്ഷകളില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സര്‍വകലാശാല സെനറ്റിലേക്ക് മാര്‍ച്ച് നടത്തി. പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു.

പി.എസ്.സിയുടെ വിശ്വാസ്യതക്കുമേല്‍ കരിനിഴല്‍ വീണിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. പ്രതിയുടെ വീട്ടില്‍നിന്ന് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയതില്‍ അന്വേഷണം നടത്തണെന്ന് എ.ഐ.വൈ.എഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.