ഡ്രൈവര്‍മാരുടെ പതിവ് ന്യായങ്ങള്‍ ഇനി വിലപ്പോവില്ല; റോഡുകളില്‍ എല്‍ഇഡി സിഗ്‌നല്‍ ലൈറ്റ് വരുന്നു

single-img
15 July 2019

തിരുവനന്തപുരം: ട്രാഫിക് ലംഘനം നടത്തി പിടിക്കപ്പെട്ടാല്‍ സിഗ്‌നല്‍ ലൈറ്റ് കണ്ടില്ലെന്ന് പതിവ് ന്യായം പറയുന്നവരുടെ ശ്രദ്ധയ്ക്ക്. ആ പരിപാടി ഇനിമുതല്‍ നടക്കില്ല. സിഗ്‌നല്‍ പോസ്റ്റിലെ ലൈറ്റിനൊപ്പം റോഡിലെ സീബ്രാലൈനിലും സിഗ്‌നലുകള്‍ തെളിയുന്ന എല്‍ഇ ഡി സിഗ്‌നല്‍ലൈറ്റ് സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കിത്തുടങ്ങി.

തിരുവനന്തപുരത്തെ പട്ടത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ എല്‍.ഇ.ഡിസിഗ്‌നല്‍ ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ എല്ലായിടത്തും വ്യാപിപ്പിക്കും. ഇത് സംബന്ധിച്ച് പൊലീസുമായും പൊതുമരാമത്ത് വകുപ്പുമായും ചര്‍ച്ച തുടരുകയാണ്.

യൂറി പൊളിത്തീനാണ് ലൈറ്റിന് മുകളിലെ ആവരണം. എട്ട് ടണ്ണ് ഭാരം വരെ ഇതിന് താങ്ങാന്‍ കഴിയും. അരലക്ഷത്തോളം രൂപയാണ് ചെലവ്. റോഡ് മുറിച്ചു കടക്കുന്നവര്‍ക്കും പുതിയ സംവിധാനം സഹായകരമാണ്. കെല്‍ട്രോണിന്റെ മണ്‍വിളയിലുള്ള ട്രാഫിക് സിഗ്‌നല്‍ ഡിവിഷന്‍ ടീമിലെ സാങ്കേതിക വിദഗ്ധരാണ് ഈ അത്യാധുനിക സിഗ്‌നല്‍ ലൈറ്റ് തയ്യാറാക്കിയത്.

അപകടനിരക്ക് കുറയ്ക്കുന്നതിനും ഗതാഗത ബോധവത്കരണത്തിനുമാണ് പുതിയ രീതി പരീക്ഷിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ ലൈറ്റുകള്‍ക്ക് കേടുപാടുണ്ടാകുമോ എന്നറിയാനും പ്രവര്‍ത്തനശേഷി പരിശോധിക്കാനുമായി ഒരു മാസം പരീക്ഷണാടിസ്ഥാനത്തില്‍ ഈ സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാനാണ് തീരുമാനം.

https://twitter.com/thenikraj/status/1149971488646107136