നാട്ടുകാരന്‍ കൂടിയായ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് എന്നെ ചവിട്ടിയരച്ചത്; മര്‍ദ്ദനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി • ഇ വാർത്ത | evartha
Kerala

നാട്ടുകാരന്‍ കൂടിയായ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് എന്നെ ചവിട്ടിയരച്ചത്; മര്‍ദ്ദനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി

ഏക സംഘടനാവാദം ഉയര്‍ത്തി കലാലയങ്ങളില്‍ എസ്എഫ്‌ഐ തേര്‍വാഴ്ചയാണ് നടത്തുന്നതെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍. ഇന്നേവരെ ഒറ്റ കെഎസ്‌യുക്കാരനും എബിവിപിക്കാരനും ഞങ്ങളെ മര്‍ദിച്ചിട്ടില്ല. അടികിട്ടിയതെല്ലാം എസ്എഫ്‌ഐക്കാരില്‍ നിന്നാണ്. ഇടത് ഐക്യത്തിനുവേണ്ടി ശരീരം കൊണ്ടു സഹിക്കാന്‍ ഇനി ഞങ്ങളെക്കിട്ടില്ലെന്നും എഐഎസ്എഫ് നേതാവായ ശുഭേഷ് സുധാകരന്‍ പറയുന്നു.

മൂന്നു പതിറ്റാണ്ടായി ഗുണ്ടായിസവും ക്രിമിനല്‍ വാഴ്ചയുമാണു യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്നത്. കോളേജ് യൂണിയനിലേക്കു മത്സരിക്കാനൊരുങ്ങിയ ഞങ്ങളുടെ കൂട്ടത്തില്‍പെട്ട മണിമേഖല എന്ന വിദ്യാര്‍ഥിനിയെ കയ്യേറ്റം ചെയ്ത സംഭവത്തിന് പിന്നാലെ അവിടെ പഠിപ്പിക്കില്ലെന്നു അവര്‍ പ്രഖ്യാപിച്ചപ്പോള്‍ അക്കാര്യം സംസാരിക്കാന്‍ അവിടെ പോയിരുന്നു. എന്നാല്‍ അകത്തേക്ക് പ്രവേശിക്കാന്‍ പോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

2010ല്‍ കടുത്തുരുത്തി പോളിടെക്‌നിക്കില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് രൂപീകരിച്ചതിനു പിന്നാലെ എസ്.എഫ്.ഐയില്‍ നിന്നു അതിക്രമം നേരിട്ടെന്നും ശുഭേഷ് പറയുന്നു. ‘യൂണിറ്റ് രൂപീകരിച്ച് ഉദ്ഘാടനവും കഴിഞ്ഞ് കോളേജിനു തൊട്ടടുത്തു മുട്ടുചിറയില്‍ നില്‍ക്കുകയായിരുന്നു.

‘സഖാവേ, നമുക്കല്‍പം മാറിനിന്നു സംസാരിക്കാമോ’ എന്നു ചോദിച്ച് ഒരാള്‍ അടുത്തെത്തി. ഞാനതിനു തയ്യാറായി. നോക്കുമ്പോള്‍ മുന്നിലൊരു സംഘം. ‘നീ എസ്.എഫ്.ഐക്കെതിരെ യൂണിറ്റ് രൂപീകരിക്കുമോ’ എന്നു ചോദിച്ച് അവര്‍ തുടങ്ങി. ‘ഈ പട്ടി ഇവിടെ കിടന്നാല്‍ ഒരുത്തനും ആശുപത്രിയില്‍ കൊണ്ടുപോയേക്കരുത്’ എന്ന ഡയലോഗും ഓര്‍മയുണ്ട്.’

ഹോക്കി സ്റ്റിക് കൊണ്ട് മുതുകിലായിരുന്നു ആദ്യ അടി. ബോധം തെളിഞ്ഞപ്പോള്‍ ഓടയില്‍ കിടക്കുകയാണ്. നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റതിനാല്‍ എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്നും ഒരുമാസത്തിലേറെ അവിടെയും മൂന്നുമാസം കോട്ടയ്ക്കലിലും ചികിത്സയില്‍ കഴിഞ്ഞിരുന്നെന്നും ശുഭേഷ് പറയുന്നു.

നാട്ടുകാരന്‍ കൂടിയായ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് തന്നെ ചവിട്ടിയരച്ചത്. അയാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ താന്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ തനിക്കൊപ്പം സംസാരിച്ചുനിന്ന സി.പി.ഐ നേതാവ് ജയിംസിനെ പൊലീസ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തു.

‘എ.ഐ.എസ്.എഫുകാരനെ മര്‍ദിച്ചവരില്‍ സി.പി.ഐക്കാരനുമുണ്ടെന്നു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് കേസുമായി എങ്ങനെ മുന്നോട്ടുപോകാനാകും?’ അദ്ദേഹം ചോദിക്കുന്നു. പാമ്പാടി നെഹ്‌റു കോളേജിലെ മാനേജ്‌മെന്റിന്റെ ഇടിമുറിക്കെതിരെ സമരം ചെയ്തവരാണ് എസ്എഫ്‌ഐയും എഐഎസ്എഫും. ഇടിമുറികള്‍ തകര്‍ത്ത് ജനാധിപത്യത്തിന്റെ കാറ്റ് കടത്തിവിടുമെന്നു പ്രഖ്യാപിച്ച എസ്എഫ്‌ഐക്കാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ സ്വന്തമായി ഇടിമുറിയുള്ളത്.

സര്‍വകലാശാലാ തിരഞ്ഞെടുപ്പിനു പത്രിക സമര്‍പ്പിക്കാന്‍ പോയപ്പോള്‍ കേട്ട അസഭ്യവര്‍ഷം ഞങ്ങളാരും ജീവിതത്തില്‍ മറക്കില്ലെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശുഭേഷ് പറയുന്നു.