അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയം; യുവതിയെ കാമുകന്‍ തലയ്ക്കടിച്ച് കൊന്നു • ഇ വാർത്ത | evartha
National

അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയം; യുവതിയെ കാമുകന്‍ തലയ്ക്കടിച്ച് കൊന്നു

പത്തൊന്‍പതുകാരിയായ മോഡലിനെ കൊലപ്പെടുത്തിയ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാഗ്പൂര്‍ സ്വദേശിനിയും മോഡലുമായ ഖുഷ് പരിഹാറിനെയാണ് കാമുകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്

ശനിയാഴ്ച രാവിലെയാണ് മുഖം വികൃതമായ നിലയില്‍ യുവതിയുടെ മൃതദേഹം പാന്ദുര്‍ന–നാഗ്പൂര്‍ ദേശീയപാതയില്‍ കിടക്കുന്നതായി നാഗ്പൂര്‍ പൊലീസിന് വിവരം ലഭിക്കുന്നത്. പ്രാദേശിക ഫാഷന്‍ ഷോകളില്‍ സ്ഥിരസാന്നിധ്യം ആയതിനാല്‍ സമൂഹമാധ്യമങ്ങളിലൂടെ മൃതദേഹം ഖുശിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഖുശിയുടെ കാമുകനായ അഷ്‌റഫാണ് കൃത്യത്തിന് പിന്നിലെന്ന് മനസ്സിലാക്കിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഖുശിയുടെ സ്വഭാവത്തിലും മറ്റു പുരുഷന്മാരുമായി ഖുശിക്ക് ബന്ധമുണ്ടെന്നുമുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജൂലൈ 12 ന് ഖുശിയുമായി കാറില്‍ സഞ്ചരിച്ച അഷ്‌റഫ് കാറിലുള്ളില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം പാന്ദുര്‍ന–നാഗ്പൂര്‍ ദേശീയപാതയ്ക്കടുത്ത് സാവ്‌ലി ഫത്തയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.

ഖുശിയുടെ ശരീരത്തിലുണ്ടായിരുന്ന ടാറ്റുവാണ് അവരെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. ഫെയ്‌സ്ബുക്കില്‍ കാമുകനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഖുശി പോസ്റ്റ് ചെയ്തിരുന്നു. പ്രതിയെ കണ്ടെത്താന്‍ ഇതു പൊലീസിന് ഏറെ സഹായകരമായി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണു സൂചന.