ബി.ജെ.പി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും ഹൈക്കോടതിക്ക് മുന്നില്‍ നിന്ന് തട്ടികൊണ്ടുപോയി

single-img
15 July 2019

Support Evartha to Save Independent journalism

ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയ ബി.ജെ.പി എം.എല്‍.എയുടെ മകളെയും ഭര്‍ത്താവിനെയും തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബിതാരി ചെയിന്‍പൂര്‍ എം.എല്‍.എയായ രാജേഷ് മിശ്രയുടെ മകള്‍ സാക്ഷിയേയും മരുമകന്‍ അജിതേഷ്‌കുമാറിനെയുമാണ് തോക്ക് ചൂണ്ടി അജ്ഞാത സംഘം കാറില്‍ക്കയറ്റിക്കൊണ്ടുപോയത്.

ഉത്തര്‍പ്രദേശിലെ അലഹബാദ് ഹൈക്കോടതിക്ക് സമീപമാണ് സംഭവം. അജിതേഷിനെ മര്‍ദിച്ച ശേഷം സംഘം ഇവരെ മോചിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8.30ന് കറുത്ത എസ്.യു.വിയിലെത്തിയ അക്രമികള്‍ കോടതി ഗേറ്റ് നമ്പര്‍ മൂന്നിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ദമ്പതികളെ തട്ടികൊണ്ടുപോവുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇവര്‍ കോടതിയില്‍ ഹാജരായി. അക്രമി സംഘം അജിതേഷിനെ മര്‍ദിച്ചതായി അവര്‍ പൊലീസിന് മൊഴി നല്‍കി.

മിശ്രയില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദമ്പതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പൊലീസ് സുരക്ഷ നല്‍കാന്‍ ഉത്തരവിട്ടു. ദമ്പതികള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു.

ദളിതനായ അജിതേഷ് കുമാര്‍ എന്ന യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ രാജേഷ് മിശ്രയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് മകള്‍ സാക്ഷി മിശ്ര സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. രാജേഷ് മിശ്രയുടെ ഭീഷണിയെ തുടര്‍ന്ന് കുടുംബം ബറേലിയില്‍ നിന്നും താമസം മാറിയെന്നും അജിതേഷിന്റെ പിതാവ് പറഞ്ഞു.