'വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്'; എ.എല്‍. വിജയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് അമല പോള്‍ • ഇ വാർത്ത | evartha
Movies

‘വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്’; എ.എല്‍. വിജയ്ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് അമല പോള്‍

വീണ്ടും വിവാഹിതനായ സംവിധായകന്‍ എ.എല്‍. വിജയ്ക്ക് ആശംസകളുമായി മുന്‍ഭാര്യയും നടിയുമായ അമല പോള്‍. വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണെന്നും അദ്ദേഹത്തിനു വിവാഹമംഗളങ്ങള്‍ ആശംസിക്കുന്നുവെന്നും അമല പോള്‍ പറഞ്ഞു. പുതിയ ചിത്രം ‘ആടൈ’യുടെ പ്രചാരണത്തിനിടെയാണ് മുന്‍ഭര്‍ത്താവിനെക്കുറിച്ച് അമല സംസാരിച്ചത്.

ഈ മാസം ജൂലൈ 11നായിരുന്നു വിജയ്‌യുടെ വിവാഹം. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു. വിജയ്‌യുമായുള്ള വിവാഹമോചനത്തിനു ശേഷം തനിക്ക് സിനിമയില്‍ വേഷങ്ങള്‍ കുറയുമെന്നു ഭയപ്പെട്ടിരുന്നതായി അമല പറഞ്ഞു.

‘വിവാഹ മോചനത്തിനു ശേഷം സഹോദരിയുടെ വേഷം, അല്ലെങ്കില്‍ നായികയുടെ സുഹൃത്ത് ഇങ്ങനെയുള്ള കഥാപാത്രങ്ങളേ ലഭിക്കൂ എന്ന ആശങ്ക ഉണ്ടായിരുന്നു. അതിജീവനത്തിനായി ടിവി സീരിയലുകളില്‍ അഭിനയിക്കേണ്ടി വരുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. ഇപ്പോള്‍ ഒരുകാര്യം മനസ്സിലായി. കഴിവുണ്ടെങ്കില്‍ നമ്മളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.’– അമല പറഞ്ഞു.