കേരളമാണല്ലോയെന്ന ധാരണയിൽ ഒന്ന് മയങ്ങി; ഉണർന്നപ്പോൾ നിർത്തിയിട്ട ലോറിയുടെ ടയറുകള്‍ മോഷണം പോയി, ഉത്തരാഖണ്ഡ് സ്വദേശിക്ക് താങ്ങായി നാട്ടുകാർ

single-img
14 July 2019

ഉത്തരാഖണ്ഡിൽ നിന്നും പുതിയ ലോറിയുടെ ചെയ്സുമായി എറണാകുളത്തേക്കുള്ള യാത്രക്കിടെ ലോറി ടയറുകള്‍ മോഷണം പോയി. കാസർകോട്ടെ പെരുവഴിയില്‍ ലക്ഷങ്ങളുടെ കടബാധ്യതയില്‍ നിന്ന ഉത്തരാഖണ്ഡ് സ്വദേശിക്ക് താങ്ങായി നാട്ടുകാര്‍. കഴിഞ്ഞ ദിവസമായിരുന്നു റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ടയറുകള്‍ മോഷണം പോയത്. കാലാവസ്ഥ പ്രതികൂലമായിട്ടും മൂടി പോലുമില്ലാത്ത ലോറിയുമായി പത്തുദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരാഖണ്ഡില്‍ നിന്ന് പുറപ്പെട്ട ജുമാഖാന്‍ കേരളമാണല്ലോയെന്ന ധാരണയിലായിരുന്നു കനത്തമഴ മൂലം യാത്ര തുടരാനാവാതെ വന്നതോടെ ഒന്ന് കണ്ണടക്കാന്‍ തീരുമാനിച്ചത്.

കാസര്‍കോട് ജില്ലയിലെ പിലിക്കോടുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ വാഹനം നിര്‍ത്തിയിട്ട ശേഷമായിരുന്നു മയക്കം. വെളുപ്പിന് എഴുന്നേറ്റപ്പോഴേയ്ക്കും ഡിസ്ക് ടയറുകള്‍ അടക്കം നാല് ടയറുകളാണ് മോഷണം പോയത്.

വിവരം അറിയിക്കാനായി കമ്പനിയില്‍ ബന്ധപ്പെട്ടപ്പോള്‍ ടയറുകളുടെ വില രണ്ട് ലക്ഷത്തോളം വരുമെന്നും വാഹനം കൊണ്ടുപോയ ആള്‍ക്കാണ് ഉത്തരവാദിത്തമെന്നുമായിരുന്നു മറുപടി.

മറ്റുള്ള സംസ്ഥാനങ്ങളിൽ ടയര്‍ മോഷണം പേടിച്ച് ഉറങ്ങാറില്ല, എന്നാൽ ഇത് കേരളമല്ലേ ഇവിടെ ഇങ്ങനെ സംഭവിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്ന് ജുമാഖാന്‍ പറയുന്നു. ഈ വാഹനം എറണാകുളത്ത് എത്തിച്ചാല്‍ ജുമാഖാന് ലഭിക്കുന്ന തുകയേക്കാള്‍ മൂന്നിരട്ടിയോളം വരുന്ന തുക കമ്പനിയില്‍ നല്‍കേണ്ടി വരുമെന്ന് വന്നതോടെ ഉറങ്ങിപ്പോയ നിമിഷത്തെ പഴിച്ച ജുമാഖാനെ സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞെത്തിയവരാണ് സഹായിച്ചത്. വിവരം വാര്‍ത്തയാക്കിയ നാട്ടുകാര്‍ ജുമാഖാന്‍റെ ദയനീയാവസ്ഥ കമ്പനിക്കാര്‍ക്ക് ബോധ്യമാക്കി നല്‍കിയതോടെ ഒപ്പമുള്ള മറ്റു വണ്ടികളിലെ സ്റ്റെപ്പിനി ടയറുകൾ അഴിച്ചെടുത്ത് ടയറുകൾ മോഷണം പോയ ലോറിയിൽ ഘടിപ്പിച്ച് എറണാകുളത്തേക്ക് യാത്ര തുടരുവാൻ ആവശ്യപ്പെട്ടു. മാത്രമല്ല ഇയാളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കില്ലെന്നും ഉറപ്പ് നല്‍കിയതോടെ ജുമാഖാന്‍ യാത്ര തുടരുകയായിരുന്നു.