യുപി സ്‌ക്കൂളിലെ 59 വിദ്യാര്‍ത്ഥിനികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കി; 57 വയസുകാരനെതിരെ പോലീസ് കേസെടുത്തു

single-img
14 July 2019

പാലക്കാട് പട്ടാമ്പിക്ക് സമീപമുള്ള ഒരു യുപി സ്‌ക്കൂളിലെ 59 വിദ്യാര്‍ത്ഥിനികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയ വ്യക്തിക്കെതിരെ പോലീസ് കേസെടുത്തു. സ്‌കൂളിന്റെ സമീപം സ്റ്റേഷനറി കട നടത്തുന്ന കൃഷ്ണന്‍ എന്ന 57 വയസുകാരനെതിരെയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല.

സ്‌കൂളിലെ ഇന്റര്‍വെല്‍ സമയത്ത് ഇയാളുടെ കടയില്‍ മിഠായിയും മറ്റും വാങ്ങാന്‍ എത്തിയിരുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ആദ്യമായി ഇത് സംബന്ധിച്ച് ഒരു കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെ തുടര്‍ന്ന് മറ്റ് കുട്ടികളും തങ്ങളുടെ അനുഭവം വെളിപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിദ്യാലയത്തിലെത്തി കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തി.
വളരെ വര്‍ഷങ്ങളായി ഇയാള്‍ ചുഷണം ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഭീഷണിയെത്തുടര്‍ന്ന് കുട്ടികള്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കയായിരുന്നെന്നും പ്രധാന അധ്യാപിക പറഞ്ഞു. സ്‌കൂളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നത്.