സലഫി പണ്ഡിതനും പ്രഭാഷകനുമായ ഡോ. കെകെ സക്കരിയ്യ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു • ഇ വാർത്ത | evartha
Breaking News, Kerala

സലഫി പണ്ഡിതനും പ്രഭാഷകനുമായ ഡോ. കെകെ സക്കരിയ്യ സ്വലാഹി വാഹനാപകടത്തില്‍ മരിച്ചു

സലഫി പണ്ഡിതനും കേരള നദ്‌വത്തുല്‍ മുജാഹിദീനിന്റെ മുന്‍ നേതാവും പ്രഭാഷകനുമായ ഡോ. കെകെ സക്കരിയ്യ സ്വലാഹി (54) വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തലശേരി മനേക്കരയില്‍ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹംപാലക്കാട് ജില്ലയില്‍ എടത്തനാട്ടുകരക്ക് സമീപം പാലക്കാഴി സ്വദേശിയാണ്. കഴിഞ്ഞ 20 വര്‍ഷമായി കണ്ണൂരിലെ കടവത്തൂരിലാണ് താമസം.

എടവണ്ണയിലെ ജാമിഅഃ നദ്‌വിയ്യയില്‍നിന്ന് ബിരുദവും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം പിന്നീട് കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ അധ്യാപകനായി ചേര്‍ന്നു.

സംസ്ഥാനത്തെ മുജാഹിദ് സംഘടനാ നേതൃത്വത്തില്‍ സജീവമായിരുന്ന അദ്ദേഹം പിളര്‍പ്പിനെ തുടര്‍ന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി. അവിടെ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സംഘടനാ രംഗത്തുനിന്ന് മാറി സ്വതന്ത്രമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.