ഉയർന്ന തുക കൈമാറുമ്പോൾ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാൽ 10,000 രൂപ പിഴ

single-img
14 July 2019

ഉയര്‍ന്ന തുകകളുടെ കൈമാറ്റത്തിൽ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ ഇനി മുതല്‍ പിഴ ഈടാക്കാന്‍ നീക്കം. ഇത്തരത്തിലുള്ള ഇടപാടുകളിൽ ഓരോ തവണ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തുമ്പോഴും 10,000 രൂപ വീതം പിഴയീടാക്കാനാണ് നീക്കം നടക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ തീരുമാനം നടപ്പിലാകും.

ഇപ്പോൾ ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. പക്ഷെ പാന്‍ കാര്‍ഡില്ലാത്തവര്‍ക്ക് ഇതിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാമെന്ന് കേന്ദ്രബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് പാന്‍ നമ്പരിന് പകരം ആധാര്‍ നമ്പര്‍ രേഖപ്പെടുത്താമെന്നായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം.

ഈ നിർദ്ദേശം നടപ്പാക്കാൻ ഐടി ആക്ടിലെ 272 ബി വകുപ്പ്, 139എ എന്നീ വകുപ്പുകള്‍ കേന്ദ്രം ഭേദഗതി ചെയ്യും. രാജ്യത്ത് 120 കോടി ആളുകള്‍ക്കാണ് ആധാര്‍ നമ്പരുള്ളത്. അതിൽ 41 കോടി ആളുകള്‍ക്ക് മാത്രമാണ് പാന്‍ കാര്‍ഡുള്ളത്. രണ്ടും ഉള്ളവരിൽ 22 കോടി ആളുകളുടെ ആധാര്‍ നമ്പരും പാന്‍ നമ്പരും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്.