യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണം ; എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു • ഇ വാർത്ത | evartha
Breaking News, Kerala

യൂണിവേഴ്സിറ്റി കോളേജിലെ ആക്രമണം ; എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. ക്യാംപസിൽ നിരന്തരമായുണ്ടാകുന്ന പ്രശ്നങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യുന്നതിനോ വിദ്യാര്‍ത്ഥികളുടെ പൊതു സ്വീകാര്യത ഉറപ്പാക്കി പ്രവര്‍ത്തിക്കാനോ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്ന കണ്ടെത്തലാണ് പിരിച്ചുവിടാൻ കാരണം.

വിഷയത്തെ സംബന്ധിച്ച് എസ്എഫ്ഐ സംസ്ഥാന നേതാക്കൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം. കോളേജിലുണ്ടായ അക്രങ്ങൾ ദൗര്‍ഭാഗ്യകരമെന്ന് വിലയിരുത്തിയാണ് യൂണിറ്റ് പിരിച്ച് വിടാൻ തീരുമാനിച്ചത്. അക്രമങ്ങളെ ഒരു കാരണവശാലും ഒരു ക്യാമ്പസിലും പ്രോത്സാഹിപ്പിക്കേണ്ടതില്ല. ഇവിടെ സംഭവിച്ച ആക്രമണത്തിൽ അന്വേഷിച്ച് ഉചിതമായ നടപടി എടുക്കണമെന്നും കുറ്റക്കാരായ ആരെയും സംരക്ഷിക്കേണ്ടതില്ലെന്നുമാണ് എസ്എഫ്ഐയുടെ തീരുമാനം എന്ന് സംസ്ഥാന നേതാക്കൾ വിശദീകരിച്ചു.