ഹൃദയം നുറുങ്ങുന്നു, ശിരസ് പാതാളത്തോളം താഴുന്നു:എസ്എഫ്‌ഐക്കെതിരേ ശ്രീരാമകൃഷ്ണന്‍.

single-img
13 July 2019

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. എസ്.എഫ്.ഐ. നേതാക്കളുടെ ആക്രമണത്തില്‍ കുത്തേറ്റ വിദ്യാര്‍ഥി അഖിലിനോട് ശിരസ്സു കുനിച്ച് മാപ്പ് അപേക്ഷിക്കണമെന്നും കാലം കാത്തുവച്ച രക്തനക്ഷത്രങ്ങളുടെ ഓര്‍മ്മകള്‍ മറക്കാതിരിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘അഖില്‍‍’എന്ന തലക്കെട്ടോടുകൂടിയുള്ള പോസ്റ്റില്‍ യുവലക്ഷങ്ങളുടെ ആ സ്‌നേഹനിലാവിലേക്കാണ് നിങ്ങള്‍ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചതെന്നും ഈ നാടിന്റെ സര്‍ഗാത്മക യൗവ്വനത്തെയല്ലേ നിങ്ങള്‍ ചവുട്ടി താഴ്ത്തിയതെന്നും ചോദിക്കുന്നുണ്ട്. നിങ്ങള്‍ ഏതു തരക്കാരാണ് എന്നും എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല എന്നും
ഏതു പ്രത്യയശാസ്ത്രമാണ് നിങ്ങള്‍ക്ക് തണല്‍ നല്‍കുന്നതെന്നും ആശങ്കകളോടെ ചോദിക്കുമ്പോള്‍ തന്നെ
നിങ്ങളുടെ ഈ ദുര്‍ഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണെന്നും ഓര്‍മിപ്പിക്കുന്നു. മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വര്‍ഗം നമുക്ക് വേണ്ടെന്നും ഉപദേശിക്കുന്നുമുണ്ട്.
അതേ സമയം പോസ്റ്റിനു താഴെ സ്പീക്കറേ ട്രോളിയും ചീത്ത വിളിച്ചും ധാരാളം പേരും രംഗത്തെത്തിയിട്ടുണ്ട്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:-

അഖിൽ

എന്റെ ഹൃദയം നുറുങ്ങുന്നു,
കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു.
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു.
ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.

സ്നേഹസുരഭിലമായ ഓർമ്മകളുടെ
ആ പൂക്കാലം.
“എന്റെ, എന്റെ “എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്.

യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്.
ഈ നാടിന്റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ
ചവുട്ടി താഴ്ത്തിയത്.

നിങ്ങൾ ഏതു തരക്കാരാണ്?
എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല?
ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ?
നിങ്ങളുടെ ഈ ദുർഗന്ധം
ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.

മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം
നമുക്ക് വേണ്ട.
ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്.
തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക.
നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക.
കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക.

ഓർമ്മകളുണ്ടായിരിക്കണം,
അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്.
ചിന്തയും വിയർപ്പും,
ചോരയും കണ്ണുനീരുമുണ്ട്.

അഖിൽ—————എന്റെ ഹൃദയം നുറുങ്ങുന്നു,കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം…

Posted by P Sreeramakrishnan on Friday, July 12, 2019