ഓടിയെത്തി നസീം എന്നെ പിടിച്ചു വെച്ചു, പിന്നാലെ വന്ന ശിവരഞ്ജിത്ത് കുത്തി; അഖിലിന്റെ മൊഴി

single-img
13 July 2019

യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന ആക്രമണത്തിൽ തന്നെ കുത്തിയത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്ത് തന്നെയെന്ന് വിദ്യാ‍ർത്ഥി അഖിൽ മൊഴി നൽകി. ഇപ്പോൾ ചികിത്സിക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറോടാണ് അഖിൽ മൊഴി നൽകിയത്. താൻ അഖിലുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങൾ ഡോക്ടർ പോലീസിന് കൈമാറിയിട്ടുണ്ട്.

അഖിൽ നൽകിയ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നൽകണമെന്നും പോലീസ് ഡോക്ടർമാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വിദ്യാർത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടാൽ മൊഴിയെടുക്കാമെന്ന് പോലീസിനോട് ഡോക്ടർമാർ അറിയിച്ചു.തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്നും അതിന് സഹായിച്ചത് നസീമാണെന്നുമാണ് അഖിൽ നൽകിയ മൊഴി. ‘ഓടിയെത്തിയ നസീം എന്നെ പിടിച്ചു വച്ചു. പിന്നാലെ വന്ന ശിവരഞ്ജിത്ത് കുത്തി’ – ഇങ്ങിനെയാണ്‌ അഖിൽ നൽകിയ മൊഴി.

മുന്‍പ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പോലീസിന് മൊഴി നൽകിയിരുന്നു. കോളേജിലെ ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്‍റെ സുഹൃത്ത് ഉമൈര്‍ പോലീസിന് മൊഴി നൽകി. ആക്രമിക്കാന്‍ വന്ന നസീമിന്‍റെയും ശിവരഞ്ജിത്തിന്‍റെയും കയ്യിൽ കത്തി ഉണ്ടായിരുന്നു. പക്ഷെ കുത്തി വീഴ്ത്തിയത് ആരെന്ന് താൻ കണ്ടിട്ടില്ലെന്നാണ് ഉമൈര്‍ പറയുന്നത്.