എസ്‌.എഫ്.ഐക്കെതിരെ എ.ഐ.എസ്‌.എഫ് മാര്‍ച്ച്‌; ഇടത് വിദ്യാര്‍ത്ഥി സംഘടന നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ അക്രമാസക്തം;പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

single-img
13 July 2019

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമങ്ങള്‍ക്ക് എതിരെ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടന എ.ഐ.എസ്‌.എഫ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. എസ്‌.എഫ്‌.ഐക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന മുദ്രാവാക്യങ്ങളോടെയായിരുന്നു മാര്‍ച്ച്‌.

പൊലീസ് ബാരിക്കേഡ് നിരത്തി പ്രവര്‍ത്തകരെ തടഞ്ഞതോടെ സംഘര്‍ഷമായി. പ്രവര്‍ത്തകരും പൊലീസും തെരുവില്‍ ഏറ്റമുട്ടി.ഒടുവില്‍ സംഘര്‍ഷം നിയന്ത്രിക്കാന്‍ വിദ്യര്‍ത്ഥികള്‍ക്ക് നേരെ പോലീസിന് ജലപീരങ്കി പ്രയോഗിക്കേണ്ടി വന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത സുരക്ഷാ സംവിധാനമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പൊലീസ് ഒരുക്കിയിരുന്നത്.

പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. വനിതാ പ്രവര്‍ത്തകരടക്കം നൂറോളം പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

അക്രമം ഒരു കാരണവശാലും ഇനി വച്ചു പൊറുപ്പിക്കില്ലെന്ന് എസ്‌എഫ്‌ഐക്ക് മുന്നറിയിപ്പ് നല്‍കിയ പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്‌എഫിന്റെ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചതായും അറിയിച്ചു.

എസ്‌എഫ്‌ഐക്കെതിരെ പരസ്യമായ രംഗത്തെത്തിയ വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തിയാണ് യൂണിറ്റെന്നും എഐഎസ്‌എഫ് നേതാക്കള്‍ പറയുന്നു.