കർണാടക: രാജി പുനഃപരിശോധിക്കുമെന്ന് വിമത എംഎല്‍എ; പ്രതിഷേധവുമായി ബി.ജെ.പി

single-img
13 July 2019

ബംഗളൂരു: കര്‍ണാടകയില്‍ അടുത്ത ചൊവ്വാഴ്‌ച വരെ തത്‌സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ രാജിവച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ അവസാനവട്ട ശ്രമവുമായി കോണ്‍ഗ്രസ് നേതൃത്വം. ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എയും മന്ത്രിയുമായിരുന്ന എം.ടി.ബി.നാഗരാജ്. ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ട് രാജി പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസിനുവേണ്ടി പതിറ്റാണ്ടുകള്‍ ചെലവഴിച്ചിട്ടുണ്ടെന്നും ശിവകുമാറുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷം എം.ടി.ബി.നാഗരാജ് പറഞ്ഞു. നാഗരാജിനൊപ്പം രാജിവെച്ച മറ്റൊരു വിമത എംഎല്‍എയാണ് സുധാകര്‍ റാവു.

ഇതിന് പുറമെ വിമത പക്ഷത്തുള്ള അഞ്ച് എം.എല്‍.എമാരും തങ്ങളുടെ രാജി പിന്‍വലിക്കാന്‍ ഒരുക്കമാണെന്നാണ് വിവരം. ഇതോടെ നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കുമെന്നും സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ആകുമെന്നുമാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കളുടെ പ്രതീക്ഷ.അതേസമയം, വിമത എം.എല്‍.എമാരെ കോണ്‍ഗ്രസുകാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നു.

അതേസമയം, ഭരണപക്ഷത്തു നിന്ന് 16 എം.എല്‍.എമാര്‍ രാജിവച്ച സഭയില്‍ വിശ്വാസം തെളിയിക്കാന്‍ സമയം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറിനോട് അഭ്യര്‍ത്ഥിച്ചു. പന്ത്രണ്ടു ദിവസത്തെ വര്‍ഷകാല സമ്മേളനത്തിനു ചേര്‍ന്ന സഭയുടെ അജന്‍ഡയില്‍ ഇന്നലെ ചരമോപചാരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അതിനിടയില്‍ വിശ്വാസവോട്ടിനു സമയം തേടി മുഖ്യമന്ത്രി നടത്തിയ അഭ്യര്‍ത്ഥനയില്‍ ബി.ജെ.പി കാര്യമായ എതിര്‍പ്പു പ്രകടിപ്പിച്ചില്ല. ഇപ്പോഴത്തെ നിലയില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായെങ്കില്‍ മാത്രമേ താന്‍ തുടരാനുള്ളൂ. പക്ഷേ, അതിനു മതിയായ സമയം അനുവദിക്കണമെന്നും കുമാരസ്വാമി സ്പീക്കറോട് അഭ്യര്‍ത്ഥിച്ചു.