യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; വിദ്യാർത്ഥിയ്ക്ക് കുത്തേറ്റു: എസ്എഫ്ഐയ്ക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം

single-img
12 July 2019

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനാണ് കുത്തേറ്റത്. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്യാന്റീനിൽ ഇരുന്ന്  പാട്ടുപാടിയതിനെ ഒരു വിഭാഗം വിദ്യാർഥികൾ ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. നിയാസ് എന്ന എസ്എഫ്ഐ നേതാവാണ് അഖിലിനെ കുത്തിയതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. നെഞ്ചിൽ രണ്ട് തവണ കുത്തുകയായിരുന്നു. അതേസമയം അഖിലിന്റെ പരുക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

മൂന്ന് ദിവസം മുമ്പ് ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് അഖിൽ ഉൾപ്പെടെയുള്ളവരെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചിരുന്നു. ഇന്ന് മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇതിനിടെയാണ് അഖിലിനെ കുത്തിയത്. യൂണിറ്റിന് ഇഷ്ടമില്ലാത്തത് ചെയ്യാൻപാടില്ലെന്ന സമീപനമാണ് എസ്എഫ്ഐക്കെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

സംഭവത്തെത്തുടർന്ന് എസ്എഫ്ഐയ്ക്കെതിരെ കോളജിനു മുന്നിൽ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. അതിക്രമം നടത്തിയവരെ സംഘടനയില്‍ നിന്ന് പുറത്താക്കുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അറിയിച്ചു. പ്രതിഷേധിച്ച വിദ്യാര്‍ഥികളെ ജില്ലാ കമ്മിറ്റി ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.