യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം; സർക്കാർ ഇടപെടുന്നു; ഉന്നത വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി • ഇ വാർത്ത | evartha
Breaking News, Kerala

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം; സർക്കാർ ഇടപെടുന്നു; ഉന്നത വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ സംസ്ഥാന സർക്കാർ ഇടപെടുന്നു. സംഘര്‍ഷത്തെ സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി.

ക്യാംപസില്‍ നടന്ന സംഘർഷത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ എന്നുമായിരുന്നു കോളേജ് പ്രിൻസിപ്പാളിന്‍റെ പ്രതികരണം. അതേസമയം ആക്രമണത്തിൽ കോളേജിന് പുറത്തു നിന്നുള്ളവരുൾപ്പടെ പങ്കെടുത്തെന്നും അവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകി.

ഈ ആവശ്യവുമായി 300 പേർ ഒപ്പിട്ട ഭീമൻ പരാതിയാണ് നൽകിയിരിക്കുന്നത്. സംഘര്‍ഷത്തില്‍ നെഞ്ചിന് കുത്തേറ്റ അഖിലിനെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിദ്യാര്‍ത്ഥിക്ക് ആന്തരിക രക്തസ്രാവമുള്ളതിനാൽ ഉടൻ ശസ്ത്രക്രിയ വേണം. നിലവില്‍ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ബി എ വിദ്യാർത്ഥിയായ അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.