യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷം; എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു

single-img
12 July 2019

തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വിപി സാനു. ക്യാംപസിലെ ആരോപണവിധേയമായ എസ്എഫ്ഐ യൂണിറ്റിനെ പിരിച്ചുവിടുമെന്ന് സാനു അറിയിച്ചു. അക്രമ സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും എസ്എഫ്ഐ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സാനു പറഞ്ഞു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് സംഘടനയ്ക്ക് ഉള്ളിൽ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ അവര്‍ തുടര്‍ന്ന് സംഘടനയില്‍ ഉണ്ടാവില്ലെന്ന് ജില്ലാ നേതൃത്വവും പ്രതികരിച്ചിരുന്നു. അക്രമ സംഭവത്തിലെ പ്രതികള്‍ ആരാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടത് പോലീസ് ആണെന്നും സംഘടനയില്‍ ഉള്‍പ്പെട്ട ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയെടുക്കുമെന്നും ജില്ലാ നേതാവ് റിയാസ് പറഞ്ഞു.

യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്ത് പാട്ടുപാടാന്‍ പോലും പറ്റില്ലെന്നും എസ്എഫ്ഐ അതിനെതിരെ രംഗത്തെത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരോട് സംസാരിച്ചെന്നും അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ക്യാംപസിൽ സംഘടനയ്ക്ക് എതിരെയല്ല വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. അവിടെ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പിന്നീട് രണ്ട് ഡിപാര്‍ട്‌മെന്റുകള്‍ തമ്മിലുള്ള വികാരമായി മാറുകയായിരുന്നു. കോളേജിന് ഉള്ളിൽ ഉണ്ടാകുന്ന സ്വാഭാവികമായ കാര്യമാണ് പ്രശ്‌നത്തിലെത്തിയത്. മറ്റുള്ള രീതിയിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നതാണ്. എസ്എഫ്ഐ യാതൊരു കാരണവശാലും ഇത്തരക്കാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചോളം എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കോളേജിലെ യൂണിറ്റ് പ്രസിഡന്റ് നസീമിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് രാവിലെ 12 മണിയോടെയാണ് യൂണിവേഴ്സിറ്റി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും അനുഭാവികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. തന്റെ സഹപാഠിയെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ നെഞ്ചില്‍ കുത്തിക്കപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.