കർണാടക സർക്കാർ തൽക്കാലം വീഴില്ല: തൽസ്ഥിതി തുടരട്ടെയെന്ന് സുപ്രീം കോടതി

single-img
12 July 2019

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് താൽക്കാലിക വിരാമമിട്ട് സുപ്രീം കോടതി. വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോൺഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കർണാടക സ്പീക്കർ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്. 

സങ്കീര്‍ണമായ ഭരണഘടനാ പ്രശ്‌നങ്ങളില്‍ സുപ്രീംകോടതി തീരുമാനമെടുക്കും വരെയാണ് ഇത്തരത്തിൽ തുടരാൻ കോടതി നിർദ്ദേശിച്ചത്. സ്പീക്കര്‍ക്കു നിര്‍ദേശം നല്‍കാന്‍ അധികാരമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. രാജി സ്വീകരിക്കാതിരുന്ന സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. എംഎല്‍എമാരുടെ രാജിക്കത്തുകളില്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്നും കോടതി അറിയിച്ചു.

വിമത എംഎൽഎമാ‍ർ നേരിട്ടെത്തി ഹാജരായി രാജിക്കത്ത് നൽകിയിട്ടും തീരുമാനമെടുക്കാത്ത സ്പീക്കർ കെ ആർ രമേശ് കുമാറിനെ വിമർശിച്ച സുപ്രീംകോടതി, കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണോ സ്പീക്കറെന്നും ആദ്യഘട്ടത്തിൽ ചോദിച്ചു. 

സ്പീക്കര്‍ സുപ്രീംകോടതി ഉത്തരവ് ലംഘിച്ചുവെന്ന് എ,എല്‍എമാരുടെ അഭിഭാഷകനായ മുകുള്‍ റോഹ്തഗി വാദിച്ചു. സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു നോട്ടിസ് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജിയും സ്പീക്കര്‍ക്ക് സഭയ്ക്കുള്ളിലെ അവകാശവും തമ്മില്‍ ബന്ധമില്ല. രാജി താമസിപ്പിച്ച് അംഗങ്ങളെ അയോഗ്യരാക്കാനുള്ള നീക്കമാണു സ്പീക്കര്‍ നടത്തുന്നതെന്നും റോഹ്തഗി പറഞ്ഞു.

അതേസമയം 1974-ലെ ദേഭഗതി അനുസരിച്ച് എളുപ്പത്തില്‍ രാജി സ്വീകരിക്കാനാവില്ലെന്നും അന്വേഷണം നടത്തി യഥാര്‍ഥമാണെന്നു ബോധ്യപ്പെടേണ്ടതുണ്ടെന്നും സ്പീക്കര്‍ക്കു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി പറഞ്ഞു. അയോഗ്യത ഒഴിവാക്കാനാണ് എംഎല്‍എമാര്‍ രാജി നല്‍കിയിരിക്കുന്നതെന്നും സിങ്‌വി പറഞ്ഞു. സുപ്രീംകോടതി അധികാരം പ്രയോഗിക്കാന്‍ പാടില്ലെന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചു. അങ്ങിനെ കരുതുന്നില്ലെന്ന് സിങ്‌വി മറുപടി നല്‍കി. അയോഗ്യരാക്കാനുള്ള നടപടി ആരംഭിച്ചതിനു ശേഷമാണ് രണ്ട് എംഎല്‍എമാര്‍ രാജി നല്‍കിയിരിക്കുന്നത്. എട്ടു പേര്‍ അതിനു മുമ്പ് രാജിക്കത്ത് അയച്ചെങ്കിലും നേരിട്ടു ഹാജരായിരുന്നില്ലെന്നും സിങ്‌വി പറഞ്ഞു.

കര്‍ണാടകയില്‍ ഇന്നു നിയമസഭാ സമ്മേളനം ആരംഭിക്കും. സമ്മേളനത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 13 വിമതർ ഉൾപ്പെടെ എല്ലാവർക്കും കോൺഗ്രസ് വിപ് നൽകി. വിപ് ലംഘിച്ചാൽ അയോഗ്യതാ നടപടികൾ ഉൾപ്പെടെ നേരിടേണ്ടിവരുമെന്നതിനാലാണ് അവസാന തുറുപ്പുചീട്ടെന്ന നിലയിൽ നിർണായക രാഷ്ട്രീയനീക്കം.