എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ച് വിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി കീഴടങ്ങി

single-img
12 July 2019

മലപ്പുറം: മലപ്പുറം അരീക്കോട് എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതി വിളയിൽ സമദ്  മഞ്ചേരി ജെസിഎം കോടതിയിൽ കീഴടങ്ങി. പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കഞ്ചാവ് കേസിലെ പ്രതിയായ ഇയാൾ അറസ്റ്റ് ചെയ്യാനെത്തിയ എസ്ഐയെ കുത്തിയ ശേഷം വിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു.

കഞ്ചാവ് സംഘത്തിൽപ്പെട്ട സമദിനെ പിടികൂടി കൈവിലങ്ങ് അണിയിക്കുന്നതിനിടെയാണ് എസ്ഐയെ കുത്തിപ്പരിക്കേൽപ്പിച്ച് ഇയാൾ കടന്നു കളഞ്ഞത്. ബുധനാഴ്ച രാത്രി, പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്ഐയും സംഘവും മഫ്ടിയിൽ പുറപ്പെട്ടത്. ഇടതുകൈയ്ക്ക് പരിക്കേറ്റ എസ്ഐ നൌഷാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം ഇദ്ദേഹത്തെ വാർഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

പ്രതി രാഷ്ട്രീയ സ്വാധീനമുള്ളയാളാണെന്നും ഇയാൾക്കൊപ്പമുണ്ടായിരുന്നെന്ന് കരുതുന്നവരെ ചോദ്യം ചെയ്ത് വരികയാണെന്നും അരീക്കോട് സിഐ ഇന്നലെ അറിയിച്ചിരുന്നു. അരീക്കോട് ഭാഗത്ത്  കഞ്ചാവ് വിൽപ്പന സജീവമാണ്. നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.