പാർട്ടിയെ നേതൃത്വം കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുന്നു; ചെർപ്പുളശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു

single-img
12 July 2019

18 വർഷം നീണ്ടുനിന്ന രാഷ്ട്രീയ ബന്ധം അവസാനിപ്പിച്ച് ചേർപ്പുളശ്ശേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി മുസ്ലിം ലീഗിൽ ചേർന്നു. ഡിവൈഎഫ്ഐയുടെ മേഖലാ വൈസ് പ്രസിഡന്റും സിപിഎം ആലിയക്കുളം ബ്രാഞ്ച് സെക്രട്ടറിയുമായ ഷഹനാസ് ബാബുവാണ് മുസ്ലിം ലീഗിൽ ചേർന്നത്. പാർട്ടി നേതൃത്വം സ്വീകരിക്കുന്ന തെറ്റായ നടപടികളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് ഇദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

മാത്രമല്ല പാർട്ടിയെ ഒരു കച്ചവട സ്ഥാപനമാക്കി ഉപയോഗിക്കുകയാണ് നേതൃത്വം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാല് വര്‍ഷം മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തന്റെ ബ്രാഞ്ചിന് കീഴിലുള്ള രണ്ട് വാർഡുകളിലെയും സ്ഥാനാർത്ഥികളെ പാർട്ടി തീരുമാനിച്ചത് തന്നെ അറിയിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയിൽ ലീഗിന്റെയും യുഡിഎഫിന്റെയും പ്രവർത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ഇദ്ദേഹം പട്ടാമ്പി സംസ്കൃത കോളേജിൽ പഠിക്കുമ്പോൾ വിദ്യാർത്ഥി യൂണിയൻ ഭാരവാഹിയുമായിരുന്നു.