ബാലഭാസ്കറുടെ മരണം: രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കി • ഇ വാർത്ത | evartha
Kerala, Latest News

ബാലഭാസ്കറുടെ മരണം: രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈം ബ്രാഞ്ച് തയ്യാറാക്കി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് രഹസ്യമൊഴി രേഖപ്പെടുത്തും. പത്തോളം പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് തീരുമാനം. മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും ക്രൈംബ്രാഞ്ച് തയ്യാറാക്കി.

രക്ഷാപ്രവര്‍ത്തനം നടത്തിയ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ അജി, വഴിയാത്രക്കാരായിരുന്ന നന്ദു, പ്രണവ് എന്നിവരുടെയും കൊല്ലത്ത്  ജ്യൂസ് കടയില്‍ ബാലഭാസ്കറെ കണ്ടവരുടെയും രഹസ്യമൊഴിയെടുക്കും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.

വാഹനം ഓടിച്ചത് ആരാണെന്നത് സംബന്ധിച്ച മൊഴികളില്‍ പൊരുത്തക്കേട് നിലനില്‍ക്കുന്നതാണ് രഹസ്യമൊഴിയെടുക്കാന്‍ കാരണം. അതേസമയം കേസില്‍ നിര്‍ണായകമാകുന്ന ഫൊറന്‍സിക് പരിശോധനാഫലം ഇതുവരെ ലഭിച്ചില്ലെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

നേരത്തെ ഭാസ്കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകിയിരുന്നു. ടൊയോട്ട കാർ കമ്പനിയും മോട്ടോർ വാഹന വകുപ്പുമാണ് റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന് സമർപ്പിച്ചത്. അപകടം നടന്ന സമയത്ത് കാറിന്റെ വേഗത 100 നും 120 നും ഇടയിൽ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.